രാജ്യത്തിന്‍റെ കരുത്ത് തെളിയിച്ച് റിപബ്ലിക് ദിന പരേഡ്

മഹാത്മാഗാന്ധിയുടെ 150ആമത് ജന്മശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി ഗാന്ധിജിയുടെ ആശയങ്ങളുമായി ബന്ധപ്പെട്ട ഫ്ലോട്ടുകളാണ് പരേഡില്‍ അവതരിപ്പിച്ചത്.

Update: 2019-01-26 08:04 GMT

ഇന്ത്യയുടെ സൈനിക കരുത്ത് തെളിയിച്ച് രാജ്യതലസ്ഥാനത്ത് റിപബ്ലിക് ദിന പരേഡ്. എഴുപതാമത് റിപബ്ലിക് ദിനാഘോഷത്തില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ റാമഫോസയായിരുന്നു മുഖ്യാതിഥി. മഹാത്മാഗാന്ധിയുടെ 150ആമത് ജന്മശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി ഗാന്ധിജിയുടെ ആശയങ്ങളുമായി ബന്ധപ്പെട്ട ഫ്ലോട്ടുകളാണ് പരേഡില്‍ അവതരിപ്പിച്ചത്.

കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനത്ത് എഴുപതാമത് റിപബ്ലിക് ദിനാഘോഷം നടന്നത്. രാവിലെ ഒന്‍പതരയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമര്‍ജവാന്‍ ജ്യോതിയില്‍ ആദരവര്‍പ്പിച്ചതോടെ റിപബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. രാജ്യത്തിന്‍റെ സൈനിക കരുത്ത് തെളിയിക്കുന്ന ആയുധങ്ങളുടെ പ്രദര്‍ശനവും വിവിധ സേനാവിഭാഗങ്ങളുടെ മാര്‍ച്ചും പരേഡില്‍ നടന്നു. രാഷ്ടപതി രാംനാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിച്ചു.

Advertising
Advertising

തീവ്രവാദ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ലാന്‍സ്നായിക് നസീര്‍ അഹമ്മദ് വാനിക്ക് രാഷ്ട്രപതി അശോക ചക്രം സമര്‍പ്പിച്ചു. നസീര്‍ അഹമ്മദ് വാനിയുടെ ഭാര്യയും മാതാവുമാണ് രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം സ്വീകരിച്ചത്. ഗാന്ധിജിയുടെ ആശയങ്ങളുമായി ബന്ധപ്പെട്ട 22 ഫ്ലോട്ടുകള്‍ പരേഡില്‍ അവതരിപ്പിച്ചു. വൈക്കം സത്യാഗ്രഹത്തിന്‍റെ മാതൃകയില്‍ അവതരിപ്പിക്കാനിരുന്ന കേരളത്തിന്‍റെ നവോത്ഥാന ചരിത്രം വ്യക്തമാക്കുന്ന ഫ്ലോട്ടിന് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ നാവികസേന അവതരിപ്പിച്ച ഫ്ലോട്ടില്‍ കേരളത്തിലെ പ്രളയസമയ രക്ഷാപ്രവര്‍ത്തനമായിരുന്നു വിഷയം.

വനിത സേനാംഗങ്ങള്‍ മാത്രം പങ്കെടുത്ത അസം റൈഫിള്‍സിന്‍റെ പരേഡും നടന്നു. വ്യോമസേനയുടെ ആകാശ വിസ്മയത്തോടെയാണ് എഴുപതാമത് റിപബ്ലിക് ദിന പരേഡിന് പരിസമാപ്തിയായത്.

Tags:    

Similar News