‘കോടി വിലയുള്ള കോട്ട് ധരിക്കുന്ന പ്രധാനമന്ത്രിയാണ് അഴിമതിയെ കുറിച്ച് വാചാലനാകുന്നത്’

മോദിയുടെ ആന്ധ്ര യാത്ര തികഞ്ഞ പരാജയമായിരുന്നെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു

Update: 2019-02-10 16:02 GMT

വ്യക്തിപരമായ കടന്നാക്രമണങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടിക്കാൻ തനിക്കറിയാമെന്ന് മോദിക്ക് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ മറുപടി. ആന്ധ്രാ സന്ദർശനത്തിനിടെ ചന്ദ്രബാബു നായി‍ഡുവിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച മോദിക്കുള്ള പ്രതികരണത്തിലാണ് വ്യക്തിപരമായ അധിക്ഷേപിക്കൽ തന്റെ രീതിയല്ലെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചത്.

ചന്ദ്രബാബു നായിഡു തന്നേക്കാൾ സീനിയറായ ആളാണെന്നാണ് എല്ലാവരും പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയ മോദി, രാഷ്ട്രീയ നാടകങ്ങളിലും, കാലു വാരലിലും, മുന്നണി മാറ്റത്തിലും അദ്ദേഹം സീനിയറാണെന്ന് പരിഹസിക്കുകയുണ്ടായി. സ്വന്തം ഭാര്യാ പിതാവ് എൻ.ടി.ആറിനെ വരെ ചതിച്ച വ്യക്തിയാണ് നായിഡുവെന്നും മോദി കുറ്റപ്പെടുത്തി. ഇതിന് മറുപടിയായി കൊണ്ടാണ് ചന്ദ്രബാബു നായിഡു പ്രതികരിച്ചത്.

Advertising
Advertising

ഒരാളെയും വ്യക്തിപരമായി കുറ്റപ്പെടുത്തുന്ന ആളല്ല താനെന്ന് പറഞ്ഞ ചന്ദ്രബാബു നായഡു, പക്ഷേ ആർക്കും അതേ നാണയത്തിൽ മറുപടി കൊടുക്കാൻ തനിക്കറിയാമെന്നും കൂട്ടിച്ചേർത്തു. മുത്ത്വലാഖിലൂടെ ഭർത്താക്കന്മാർ ഉപേക്ഷിക്കുന്നതിൽ നിന്നും മുസ്‍ലിം സ്ത്രീകളെ രക്ഷിച്ചെടുത്ത രക്ഷകനായാണ് മോദി സ്വയം പ്രഖ്യാപിക്കുന്നത്. എന്നാൽ ആരെങ്കിലും അദ്ദേഹത്തിന്റെ തന്നെ പത്നി യശോദാ ബെന്നിനെ പറ്റി ചോദിച്ചാൽ മോദിക്ക് ഉത്തരമില്ലെന്ന് നായിഡു പറഞ്ഞു.

ടി.ഡി.പിയിൽ കുടുംബവാഴ്ച്ചയാണെന്ന് കുറ്റപ്പെടുത്തുന്ന മോദിക്ക്, കുടുംബത്തെ കുറിച്ചും മൂല്യങ്ങളെ കുറിച്ചും എന്താണറിയുകയെന്നും നായിഡു തിരിച്ചടിച്ചു. ഒരു കോടിയോടടുത്ത് വിലയുള്ള കോട്ട് ധരിക്കുന്ന മോദിയാണ് സംസ്ഥാന സർക്കാർ അഴിമതിക്കാരാണെന്ന് പറഞ്ഞു നടക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ ജനങ്ങളിൽ നിന്നും തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

മോദിയുടെ ആന്ധ്ര യാത്ര തികഞ്ഞ പരാജയമായിരുന്നെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. മോദിയുടെ ആന്ധ്രാ സന്ദർശനത്തോടനുബന്ധിച്ച്, ‘നോ മോർ മോദി’, ‘മോദി നെവർ എഗെയ്ൻ’ എന്നീ ബോർഡുകൾ നഗരത്തിൽ വിവിധയിടങ്ങളിൽ ഉയരുകയുണ്ടായി. കൂടാതെ കറുത്ത കൊടികളും, ബലൂണുകളും പ്രതിഷേധ സൂചകമായി നഗരങ്ങളില്‍ ഉയര്‍ത്തുകയുണ്ടായി.

Tags:    

Similar News