രാഷ്ട്രീയ പ്രവേശനത്തിന്‍റെ സൂചന നല്‍കി റോബര്‍ട്ട് വാദ്രയുടെ എഫ്.ബി പോസ്റ്റ്
രാജ്യം നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി മാറി മാറി വരുന്ന സര്‍ക്കാരുകള്‍...
രാഷ്ട്രീയ പ്രവേശനത്തിന്‍റെ സൂചനകള്‍ നല്‍കി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്രയുടെ ഫെയ്സ്ബുക് പോസ്റ്റ്. തന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയുന്ന പോസ്റ്റില്‍ ജനങ്ങളെ കൂടുതല്‍ സേവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് റോബര്‍ട് വാദ്ര പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് കേസില്‍ വിചാരണ നേരിടുന്നതിനിടെയാണ് രാഷ്ട്രീയ പ്രവേശനത്തിന്‍റെ സൂചന നല്‍കുന്ന എഫ്.ബി പോസ്റ്റുമായി റോബര്‍ട്ട് വാദ്ര രംഗത്തെത്തിയിരിക്കുന്നത്.
രാജ്യം നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തന്നെ മോശമായി ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. ഈ ആരോപണങ്ങളിലൊന്നും ഒരു കഴമ്പുമില്ലെന്ന് ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. അന്ധരും നിരാലംബരും അനാഥരുമായ നിരവധി പേര്‍ക്ക് താന്‍ ചെയ്ത സേവനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന ചിന്തയാണ് തന്നില്‍ ഉണര്‍ത്തിയത്. ഇതൊന്നും വെറുതെയാകാന്‍ പാടില്ലെന്നും റോബര്‍ട്ട് വാദ്ര പറഞ്ഞു. അതുകൊണ്ടുതന്നെ കൂടുതല്‍ വ്യവസ്ഥാപിതമായ രീതിയില്‍ ജനങ്ങളെ സേവിക്കാന്‍ തന്‍റെ ജീവിതം ഉഴിഞ്ഞുവെക്കേണ്ടതുണ്ടെന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ കൂടി പങ്കുവെച്ച എഫ്.ബി പോസ്റ്റില്‍ റോബര്‍ട്ട് വാദ്ര സൂചിപ്പിച്ചു.
കേരളത്തിലേക്കും നേപ്പാളിലേക്കും സഹായം നല്‍കിയിരുന്നു. പക്ഷെ യു.പിയിലാണ് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും വാദ്ര കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ പ്രവേശനത്തിന്‍റെ സൂചനയാണ് വാദ്ര തന്‍റെ പോസ്റ്റിലൂടെ നല്‍കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ വാദ്ര ഇപ്പോള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ വിചാരണ നേരിടുകയാണ്. വാദ്ര അന്വേഷണം നേരിടുന്നതിനാല്‍ ഭാര്യ പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം തന്നെ വലിയ വിവാദമായിരുന്നു. ഈ ഘട്ടത്തില്‍ റോബര്‍ട്ട് വാദ്ര രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെക്കുന്നത് വലിയ വിവാദത്തിനിടയാക്കിയേക്കും.