വയനാടിനെ പാകിസ്താനാക്കി: അമിത് ഷാക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കും

വയനാട്ടിലെ രാഹുലിന്‍റെ റാലി കണ്ടാൽ അത് ഇന്ത്യയിലാണോ പാക്കിസ്താനിലാണോയെന്നു പറയാൻ കഴിയില്ല എന്ന അമിത് ഷായുടെ പരാമര്‍ശമാണ് വിവാദമായത്

Update: 2019-04-10 11:56 GMT

വയനാടിനെ പാകിസ്താനുമായി താരതമ്യം ചെയ്ത അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. അമിത് ഷായുടേത് വര്‍ഗീയത ആളിക്കത്തിക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അമിത് ഷായ്ക്ക് രാഷ്ട്രീയ അജ്‍ഞതയാണെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയുടെ പ്രതികരണം.

വയനാട്ടിലെ രാഹുലിന്‍റെ റാലി കണ്ടാൽ അത് ഇന്ത്യയിലാണോ പാക്കിസ്താനിലാണോയെന്ന് പറയാൻ കഴിയില്ല എന്ന അമിത് ഷായുടെ പരാമര്‍ശമാണ് വിവാദമായത്. അമിത് ഷാ കേരളത്തിലെ ജനങ്ങളെ അപമാനിച്ചുവെന്നും വര്‍ഗീയത വോട്ടാക്കാനുള്ള ശ്രമമാണ് ബി.ജെ.പി അധ്യക്ഷന്‍റേതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എല്ലാ പരാജയങ്ങള്‍ക്കും മത-സാമുദായിക ധ്രുവീകരണം മറയാക്കാമെന്നാണ് മോദിയുടെയും അമിത് ഷായുടെയും ധാരണയെന്നായിരുന്നു സുര്‍ജേവാലയുടെ പ്രതികരണം. ഇതിന്‍റെ ഭാഗമായാണ് വയനാടിനെ പാകിസ്താനോട് താരതമ്യം ചെയ്തത്. നാടിനെ ഭിന്നിപ്പിക്കുന്നതാണ് അമിത് ഷായുടെയും ബി.ജെ.പിയുടേയും നയമെന്ന ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍, മുകുള്‍ വാസ്നിക് തുടങ്ങിയ നേതാക്കളും രംഗത്തെത്തി.

Tags:    

Similar News