ചാന്ദ്രയാന്‍ 2; വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ഐ.എസ്.ആര്‍.ഒ,പ്രതീക്ഷ കൈവിടരുതെന്ന് പ്രധാനമന്ത്രി
ചന്ദ്രോപരിതലത്തില്‍ നിന്ന് 2.1 കി മീ അകലെ വച്ചാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്
ചാന്ദ്രയാന്‍ രണ്ട് ദൌത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ്ങില്‍ അനിശ്ചിതത്വം തുടരുന്നു. ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു. ചന്ദ്രോപരിതലത്തില്‍ നിന്ന് 2.1 കി മീ അകലെ വച്ചാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.
ബംഗളൂരുവിലെ ഇസ്ട്രോക്കില്‍ നിന്നാണ് ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ്ങിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയത്. ചന്ദ്രനില്‍ നിന്ന് 35 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന പേടകത്തിന് കമാന്‍ഡ് നല്‍കി.1.38 നാണ് വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ് പ്രക്രിയ തുടങ്ങിയത്.
പത്ത് മിനിറ്റ് കൊണ്ട് മുന്‍ നിശ്ചയിച്ച പ്രകാരം ചന്ദ്രന്റെ 7.4 കി, മീ അടുത്തേക്ക് റഫ് ബ്രേക്കിങ്ങിലൂടെ താഴ്ത്തി. പിന്നീടായിരുന്ന ചരിഞ്ഞപാതയില്‍ സഞ്ചരിച്ച ലാന്‍ഡറിനെ ഇറക്കേണ്ട ഫൈന്‍ ബ്രേക്കിങ് ഘട്ടം. പൊടുന്നനെ വിക്രം ലാന്‍ഡറില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടപ്പെട്ടു. ആശങ്കയുടെ നിമിഷങ്ങള്‍. അല്‍പ സമയത്തിനകം ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ചു.
ചന്ദ്രോപരിതലത്തില്‍ നിന്ന് 2.1 കിമീ ഉയരത്തില്‍ വെച്ച് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായി. ലാന്‍ഡറില്‍ നിന്ന് ഇതുവരെ ലഭിച്ച ഡാറ്റകള്‍ പരിശോധിച്ച് വരികയാണെന്നും എന്ത് സംഭവിച്ചുവെന്ന് അതിന് ശേഷമേ പറയാനാകൂവെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു.