ടിക്ടോക് ചെയ്തതിന് സസ്പെന്‍ഷന്‍; ശേഷം വീഡിയോ ആല്‍ബങ്ങളിലൂടെ ഹിറ്റായി ഗുജറാത്ത് പൊലീസ് ഓഫീസര്‍
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഗുജറാത്തി മ്യൂസിക്കില്‍ ഇറങ്ങിയ ഒരു ആല്‍ബം തരംഗമാവുകയുണ്ടായി. ഇതില്‍ നായികയായി അഭിനയിച്ച അല്‍പിത ചൌദരിയാണ് ഇപ്പോള്‍ ഗുജറാത്തില്‍ താരം. വനിതാ പൊലീസ് ഓഫീസര്‍ പദവിയില്‍ നിന്നും ടിക് ടോക്ക് ചെയ്തതിന് സസ്പെന്‍ഷന്‍ നേരിട്ട അല്‍പിത തന്റെ ഇഷ്ടമേഖലയിലൂടെ തന്നെയാണ് ആല്‍ബം മേഖലയില്‍ പ്രശസ്തിയാര്‍ജിച്ചത്. പൊലീസ് വേഷത്തില്‍ ടിക് ടോക്ക് ചെയ്തതിന് സസ്പെന്‍ഷന്‍ നേരിട്ടതോടെ വിവാദമായ അല്‍പിത ചൌദരിയുടെ ടിക് ടോക് വീഡിയോകള്‍ ഗുജറാത്തില്‍ വൈറലാണ്.
മെഹ്സാന ജില്ലയിലെ ലാംഗ് നാജ് പൊലീസ് സ്റ്റേഷനില്‍ ലോക്ക് അപിന് മുന്നില്‍ നിന്ന് ഡാന്‍സ് കളിക്കുന്ന വീഡിയോ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് പൊലീസ് ഓഫീസര്‍ അല്‍പിത ചൌദരിക്ക് സസ്പെന്‍ഷന്‍ ലഭിക്കുന്നത്. ഇതിന് ശേഷം പുറത്തിറക്കിയ ആദ്യ ആല്‍ബം ‘ടിക് ടോക് നീ ദീവാനി’ വലിയ രീതിയില്‍ ഏറ്റെടുത്ത ആല്‍ബമായിരുന്നു. ഇതിന് ശേഷം നിരവധി ഭക്തിസാന്ദ്ര വീഡിയോകള്‍ ആലപിച്ച അല്‍പിതക്ക് നിരവധി സിനിമാ അവസരങ്ങളും വരുന്നുണ്ടെന്നും മേലധികാരികളില്‍ നിന്നും അനുവാദം ലഭിക്കാന്‍ കാത്തിരിക്കുകയാണെന്നും അല്‍പിത പറയുന്നു.
2016ല്‍ എല്‍.ആര്‍.ഡി ഫോഴ്സിന്റെ ഭാഗമായ അല്‍പിതയുടെ കുട്ടിക്കാലത്തെ സ്വപ്നമായിരുന്നു വലിയൊരു നടിയും ഗായികയും മോഡലുമാവുക എന്നത്. പക്ഷെ പൊലീസ് ഓഫീസറായ പിതാവിന്റെ ആഗ്രഹം പൊലീസായി കാണാനായിരുന്നു. അങ്ങനെയാണ് കാക്കി ധരിക്കുന്നതെന്നും അതിനാല്‍ സ്വപ്നം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നും അല്‍പിത ചൌധരി ടൈംസ് ഓഫ് ഇന്ത്യ-യോട് പറഞ്ഞു.
നിലവില്‍ മെഹ്‍സാനയിലെ കാദി പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന അല്‍പിത സ്റ്റേഷന് പുറത്ത് അന്വേഷണത്തിനിറങ്ങുമ്പോള്‍ നിരവധി പേര്‍ സെല്‍ഫിക്കായി സമീപിക്കാറുണ്ടെന്ന് സന്തോഷത്തോടെ പറയുന്നു. മേലധികാരികളുടെ അനുവാദത്തോടെ തനിക്ക് ലഭിച്ച ഗുജറാത്തി സിനിമകളില്‍ അഭിനയിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് നിലവില്‍ അല്‍പിത.