ഒന്നുകില്‍ 100 രൂപ കൈക്കൂലി നല്‍കണം, അല്ലെങ്കില്‍ കച്ചവടം ഒഴിയണം: പതിനാലുകാരന്‍ വില്‍പ്പനയ്ക്ക് വെച്ച കോഴിമുട്ടകള്‍ തട്ടിത്തെറിപ്പിച്ച് അധികൃതര്‍

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.

Update: 2020-07-24 09:36 GMT

ഉപജീവനത്തിനായി തെരുവില്‍ കോഴിമുട്ട വില്‍ക്കാനിറങ്ങിയ പതിനാലുകാരന്‍, കൈക്കൂലി നല്‍കിയില്ലെന്ന് ആരോപിച്ച് അധികൃതരുടെ ക്രൂരത. വില്‍പ്പനയ്ക്കായി നിരത്തിവെച്ച കോഴിമുട്ടയുടെ വണ്ടി, തട്ടിമറിച്ചിട്ട് പോകുകയായിരുന്നു അധികൃതര്‍. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.

കോവിഡ് വ്യാപനം മൂലമുള്ള നിയന്ത്രണത്തിന്‍റെ ഭാഗമായി, റോഡിന്‍റെ ഇടതു വലതു വശങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളിലായാണ് തെരുവു കച്ചവടക്കാര്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. രാവിലെ കച്ചവടത്തിനെത്തിയ തന്നോട് അധികൃതരെത്തി ഒന്നുകില്‍ കച്ചവടം അവസാനിപ്പിക്കണമെന്നും, അല്ലെങ്കില്‍ 100 രൂപ കൈക്കൂലി നല്‍കണമെന്നും ആവശ്യപ്പെട്ടതായി ബാലന്‍ പറയുന്നു. അത് നിരസിച്ചതോടെയാണ് കോഴിമുട്ട വില്‍പ്പനയ്ക്ക് വെച്ച വണ്ടി, മുട്ടയോടെ തട്ടിത്തെറിപ്പിച്ച് കോഴിമുട്ടയൊക്കെ അധികൃതര്‍ നശിപ്പിച്ചതെന്നും കുട്ടി പറഞ്ഞു.

Advertising
Advertising

കോവിഡും ലോക്ക്ഡൌണും കാരണം തനിക്ക് കച്ചവടം വളരെ കുറവാണെന്നും അതിനിടയിലാണ് അധികൃതരുടെ ഈ നടപടി മൂലം തനിക്ക് തന്‍റെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടതെന്നും കുട്ടി പറഞ്ഞു. ഇതുമൂലമുണ്ടായ സാമ്പത്തിക ബാധ്യത തനിക്ക് താങ്ങാനാവുന്നതല്ലെന്നും കുട്ടി കൂട്ടിച്ചേര്‍ത്തു.

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയിലിടുകയായിരുന്നു. ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് അധികൃതര്‍ക്ക് നേരെ ഉയരുന്നത്.

Tags:    

Similar News