കോവിഡ് രണ്ടാം തരംഗം അതിശക്തം; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

വാക്സിനേഷന്‍ വേഗത്തിലാക്കാനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിമാരില്‍ നിന്ന് അഭിപ്രായം തേടും.

Update: 2021-04-05 12:16 GMT

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍ വ്യാഴാഴ്ച നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും.

വാക്സിനേഷന്‍ വേഗത്തിലാക്കാനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ചും മുഖ്യമന്ത്രിമാരില്‍ നിന്ന് അഭിപ്രായം തേടും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുക.

കേന്ദ്ര ആരോഗ്യമന്ത്രാലയവും ഉന്നത തല യോഗം വിളിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി ഹർഷവർധനാണ് യോഗം വിളിച്ചത്. നാളെ നടക്കുന്ന യോഗത്തില്‍ രോഗവ്യാപനം രൂക്ഷമായ 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാര്‍ പങ്കെടുക്കും.

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 1,03,558 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാം തരംഗത്തിൽ പ്രതിദിന കേസുകൾ ഒരുലക്ഷത്തിലേക്കെത്തിയത് അതിവേഗത്തിലാണ്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News