ഒറ്റക്ക് ഡ്രൈവ് ചെയ്യുമ്പോഴും മാസ്‌ക് ധരിക്കണം; കാരണം വിശദീകരിച്ച് കോടതി

കോവിഡ് നിയന്ത്രണത്തിന്റെ കാര്യത്തിൽ, പൊതുസ്ഥലത്തുകൂടി സഞ്ചരിക്കുന്ന വാഹനങ്ങളെ പൊതുസ്ഥലങ്ങളായി കാണാമെന്നും അതിനാൽ മാസ്‌ക് വെക്കണമെന്നും കോടതി

Update: 2021-04-08 08:29 GMT
Advertising

ഒറ്റക്ക് കാറോടിച്ച് യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിക്കണമെന്ന് ഡൽഹി ഹൈക്കോടതി. കൂടെ മറ്റാരുമില്ലെന്നു കരുതി മാസ്‌ക് ധരിക്കാതിരുന്നാൽ ഡ്രൈവറുടെ സ്രവം കാറിൽ വീഴാമെന്നും, മണിക്കൂറുകൾക്കു ശേഷം ആ വാഹനത്തിൽ കയറുന്ന മറ്റുള്ളവർക്ക് കോവിഡ് രോഗം പകരാൻ ഇത് കാരണമായേക്കാമെന്നും ജസ്റ്റിസ് പ്രതിഭ എം സിങ് വിധിന്യായത്തിൽ പറഞ്ഞു. ഒറ്റക്ക് ഡ്രൈവ് ചെയ്യുമ്പോൾ മാസ്‌ക് വെക്കാത്തതിന് ഫൈൻ ചുമത്തിയതിനെതിരായ നാല് വ്യത്യസ്ത ഹരജികൾ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

'വാഹനത്തിലോ കാറിലോ യാത്രചെയ്യുന്ന വ്യക്തി ഒറ്റക്കായിരുന്നാൽ പോലും പലവഴികളിൽ വൈറസ് ബാധിക്കാൻ സാധ്യതയുണ്ട്. അയാൾ വാഹനത്തിൽ കയറുന്നതിനു മുമ്പ് മാർക്കറ്റിലോ ജോലിസ്ഥലത്തോ ആശുപത്രിയിലോ അല്ലെങ്കിൽ തിരക്കേറിയ മറ്റ് ഇടങ്ങളിലോ പോയിട്ടുണ്ടാവാം. വായുസഞ്ചാരത്തിനായി വാഹനത്തിന്റെ വിൻഡോകൾ തുറന്നിട്ടിട്ടുണ്ടാകാം. വാഹനം ട്രാഫിക് സിഗ്നലിൽ നിർത്തുകയും വിൻഡോ താഴ്ത്തി അയാൾ എന്തെങ്കിലും ഉൽപ്പന്നം വാങ്ങുകയും ചെയ്തിട്ടുണ്ടാകാം. അതുവഴി അയാൾ ഒരു തെരുവു കച്ചവടക്കാരനുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടാകാം.'

'ഒരാൾ കാറിൽ ഒറ്റക്ക് സഞ്ചരിക്കുന്നുവെന്ന് കരുതി, ഒറ്റക്കാണെന്ന സ്ഥിതി സ്ഥിരമല്ല. അത് താൽക്കാലികം മാത്രമാണ്. ആ സ്ഥിതിക്ക് മുമ്പും ശേഷവും വാഹനത്തിൽ മറ്റുള്ളവർ കയറാനിടയുണ്ട്. കുടുംബത്തിലെ മുതിർന്ന അംഗങ്ങളോ സ്‌കൂൾ വിട്ടുവരുന്ന മക്കളോ സുഹൃത്തുക്കളോ സഹപ്രവർത്തകരോ ആ സ്ഥിതിക്കു ശേഷം ആ വാഹനത്തിൽ കയറാം. അയാൾ മാസ്‌ക് ധരിച്ചില്ലെങ്കിൽ ആ വ്യക്തികൾക്കും വൈറസ് ബാധയുണ്ടാകാം. ഡ്രൈവ് ചെയ്തയാൾ കാറിൽ നിന്നിറങ്ങി മണിക്കൂറുകൾ കഴിഞ്ഞാലും വൈറസ് വഹിക്കുന്ന സ്രവങ്ങൾ മറ്റുള്ളവർക്ക് അസുഖം കൈമാറാൻ സാധ്യതയുണ്ട്. കാറിൽ ഒറ്റക്കാണ് യാത്ര എന്നതുകൊണ്ടുമാത്രം അതൊരു പൊതുസ്ഥലമല്ല എന്ന് പറയാൻ കഴിയില്ല.' - ഉത്തരവിൽ പറയുന്നു.

കോവിഡ് നിയന്ത്രണത്തിന്റെ കാര്യത്തിൽ, പൊതുസ്ഥലത്തുകൂടി സഞ്ചരിക്കുന്ന വാഹനങ്ങളെ പൊതുസ്ഥലങ്ങളായി കാണാമെന്നും അതിനാൽ മാസ്‌ക് വെക്കണമെന്നും കോടതി പറഞ്ഞു.

Tags:    

Similar News