കേരള മാതൃകയില്‍ വാക്‌സിന്‍ വീടുകളിലെത്തിക്കുന്നതിന് എന്താണ് തടസ്സമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

രണ്ട് സംസ്ഥാനങ്ങള്‍ വിജകരമായി നടപ്പാക്കിയത പദ്ധതി കേന്ദ്രം നടക്കില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു

Update: 2021-06-12 11:53 GMT

കേരളവും ജമ്മു കശ്മീറും നടപ്പാക്കിയ മാതൃകയില്‍ വാക്‌സിന്‍ വീടുകളിലെത്തി വിതരണം ചെയ്യുന്നതിന് എന്താണ് തടസ്സമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി. കേരളവും ജമ്മു കശ്മീരും വിജയകരമായി നടപ്പാക്കിയ ഈ പദ്ധതി മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കുന്നതിന് എന്താണ് തടസ്സമെന്ന് കോടതി ചോദിച്ചു.

കേരളവും ജമ്മു കശ്മീരും ഈ പദ്ധതി വിജയകരമായി നടപ്പാക്കിയിരിക്കുന്നു. ഈ സംസ്ഥാനങ്ങളുടെ വാക്‌സിനേഷന്‍ പദ്ധതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് എന്താണ് പറയാനുള്ളത്? കേന്ദ്ര സര്‍ക്കാരിന്റെ പ്രശ്‌നം എന്താണെന്ന് കോടതിക്ക് മനസ്സിലാവുന്നില്ല. എന്തുകൊണ്ടാണ് ഇത്തരമൊരു മാതൃക പിന്തുടരാന്‍ മറ്റു സംസ്ഥാനങ്ങളോട് നിങ്ങള്‍ ആവശ്യപ്പെടാത്തത്? ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ജി.എസ് കുല്‍കര്‍ണി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

Advertising
Advertising

ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിന് വീട്ടിലെത്തി വാക്‌സിന്‍ നല്‍കിയതിനെ കോടതി ചോദ്യം ചെയ്തു. വീട്ടിലെത്തി വാക്‌സിന്‍ വിതരണം സാധ്യമാകില്ലെങ്കില്‍ പിന്നെ ഇതെങ്ങനെ ചെയ്തുവെന്ന് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷ (ബി.എം.സി)നോട് കോടതി ചോദിച്ചു. തങ്ങളല്ല ഇപ്രകാരം വാക്‌സിന്‍ നല്‍കിയതെന്ന് ബി.എം.സി കോടതിയെ അറിയിച്ചു. ഇതില്‍ വിശദീകരണം നല്‍കാന്‍ ഒരാഴ്ച സമയം ചോദിച്ച സര്‍ക്കാര്‍ അഭിഭാഷകനെ കോടതി ശാസിക്കുകയും ചെയ്തു.

വാക്സിന്‍ വീടുകളില്‍ എത്തിച്ച് നല്‍കാന്‍ തയ്യാറാണെന്നെന്നും ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ബി.എം.സി കോടതിയില്‍ പറഞ്ഞു. ഈ വിഷയത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അഭിപ്രായം ആരായാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട് കോടതി നിര്‍ദേശിച്ചു. കേസ് ജൂണ്‍ 14-ന് വീണ്ടും പരിഗണിക്കും.

75 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ സൗകര്യമുണ്ടാക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകരായ ദ്രുതി കപാഡിയ, കുനാല്‍ തിവാരി എന്നിവരാണ് കോടതിയെ സമീപിച്ചത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News