യുപിയിൽ എല്ലാ ജില്ലയിലും പശുക്കൾക്കായി ഹെൽപ്‌ഡെസ്‌ക്; പുതിയ ഗോസംരക്ഷണ നടപടികളുമായി യോഗി സര്‍ക്കാര്‍

ഗോശാലകളിൽ തെർമൽ സ്‌കാനറുകൾ, ഓക്‌സിമീറ്ററുകൾ അടക്കമുള്ള മുഴുവൻ മെഡിക്കൽ സജ്ജീകരണങ്ങളും ഒരുക്കും

Update: 2021-05-05 11:04 GMT
Editor : Shaheer | By : Web Desk

കോവിഡ് പ്രതിസന്ധിയിൽ ആയിരങ്ങൾ മരിച്ചുവീഴുന്നതിനിടെ പുതിയ പശുസംരക്ഷണ നടപടികളുമായി ഉത്തർപ്രദേശ് ഭരണകൂടം. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ഗോസംരക്ഷണത്തിനായി ഹെൽപ്‌ഡെസ്‌ക്കുകൾ ആരംഭിക്കാൻ യോഗി ആദിത്യനാഥ് ഭരണകൂടം തീരുമാനിച്ചു. എല്ലാ ഗോശാലകളിലും ശക്തമായി കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും യുപി സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

പശുക്കൾക്കായുള്ള തെർമൽ സ്‌കാനറുകൾ, ഓക്‌സിമീറ്ററുകൾ അടക്കമുള്ള മുഴുവൻ മെഡിക്കൽ സജ്ജീകരണങ്ങളും ഗോശാലകളിൽ ഒരുക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ സംരക്ഷിക്കാനായി ഗോശാലകളുടെ എണ്ണം കൂട്ടും.

Advertising
Advertising

ഔദ്യോഗിക കണക്കു പ്രകാരം യുപിയിൽ 5,268 പശുസംരക്ഷണ കേന്ദ്രങ്ങളാണ് നിലവിലുള്ളത്. ഇവിടങ്ങളിലായി 5,73,417 പശുക്കളാണ് എല്ലാവിധ പരിചണങ്ങളുമായി കഴിയുന്നത്. ഇതിനു പുറമെ 4,64,311 പശുക്കളെ 4,529 താൽക്കാലിക ഗോശാലകളിലും സംരക്ഷിക്കുന്നുണ്ട്.

അതേസമയം, രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ യുപിയിലടക്കം വിവിധ സംസ്ഥാനങ്ങളിൽ ആയിരങ്ങളാണ് ഓക്‌സിജൻ, വാക്‌സിൻ അടക്കമുള്ള മെഡിക്കൽ സജ്ജീകരണങ്ങളുടെ ക്ഷാമം കാരണം ദിനംപ്രതി മരിച്ചുകൊണ്ടിരിക്കുന്നത്. യുപിയിൽ പല ജില്ലകളിലും ലക്ഷക്കണക്കിനു പേർക്ക് ഒരേയൊരു കോവിഡ് ആശുപത്രിയാണുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഉള്ള ആശുപത്രികളിൽ തന്നെ വളരെ ശുഷ്‌കമായ സൗകര്യങ്ങളേയുള്ളൂ.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News