ഐഫോണിന്‍റെ പാസ്‍വേഡ് നല്‍കാത്തതില്‍ തര്‍ക്കം; പ്ലസ്ടു വിദ്യാർഥിയെ സുഹൃത്ത് തലക്കടിച്ച് കൊന്നു

സംഭവത്തില്‍ ബി.ബി.എ വിദ്യാര്‍ഥിയായ പ്രതി മായങ്ക് സിങ്ങിനെ പൊലീസ് പിടികൂടി.

Update: 2021-04-29 06:10 GMT

ഐഫോണിന്‍റെ പാസ്‍വേഡ് നൽകാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ സുഹൃത്ത് തലക്കടിച്ച് കൊന്നു. ഏപ്രില്‍ 21ന് ഡൽഹിയിലെ പിതാംപുരയില്‍ ഒരു പാര്‍ക്കില്‍വെച്ചാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ ബി.ബി.എ വിദ്യാര്‍ഥിയായ പ്രതി മായങ്ക് സിങ്ങിനെ പൊലീസ് പിടികൂടി.  

പ്ലസ്ടു വിദ്യാര്‍ഥിയായ മകന്‍ രാത്രി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഫാക്ടറി ജീവനക്കാരനായ പിതാവാണ് പൊലീസിൽ പരാതി നൽകിയത്. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിനിടയിലാണ് പീതാംപുരയിലെ പാർക്കിൽ ഒറ്റപ്പെട്ട സ്ഥലത്ത് അഴുകിയ മൃതദേഹം കിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. കാണാതായ വിദ്യാര്‍ഥിയുടേതാണ് മൃതദേഹമെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു.

Advertising
Advertising

പ്രദേശത്തുനിന്ന് മയക്കുമരുന്ന് ലഭിച്ചതായും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മൃതദേഹത്തിനു സമീപം വലിയൊരു കരടിപ്പാവയും ഉണ്ടായിരുന്നു. പാർക്കിന് സമീപത്തെ സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോഴാണ് വിദ്യാർഥിയും പ്രതിയും നടന്നുപോകുന്നത് കണ്ടെത്തിയത്. തുടര്‍ന്ന്, ഏപ്രിൽ 23 മുതൽ ഒളിവില്‍ പോയ പ്രതി മായങ്ക് സിങ്ങിനെ യു.പിയിലെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.

ഏപ്രില്‍ 21 ന് വിദ്യാർഥിയെ കണ്ടുമുട്ടിയതായും കൊലപ്പെടുത്തിയതായും മായങ്ക് സമ്മതിച്ചു. ഐഫോണിന്‍റെ പാസ്‍വേഡ് നൽകാത്തതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. ആദ്യം കല്ലുകൊണ്ട് വിദ്യാര്‍ഥിയുടെ തലക്കടിച്ച പ്രതി പിന്നീട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News