കോവിഡ് രണ്ടാം തരംഗം അതിരൂക്ഷം; ഓക്സിജൻ ക്ഷാമത്തിന് പരിഹാരമാവാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ

കോവിഡ് രണ്ടാം തരംഗത്തിൽ സ്ഥിതി ഗുരുതരമായ ഡൽഹിയിൽ ദിനംപ്രതി 976 മെട്രിക് ടൺ ഓക്സിജനാണ് ആവശ്യമുള്ളത്

Update: 2021-05-04 01:24 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോവിഡ് രണ്ടാം തരംഗം അതി തീവ്രമാവുമ്പോഴും ഓക്സിജൻ ക്ഷാമത്തിന് പരിഹാരമാവാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ .മതിയായ ഓക്സിജൻ ഇല്ലെന്ന പരാതിയുമായി ഡൽഹിയിലെ ആശുപത്രികൾ വീണ്ടും രംഗത്തെത്തി.കർണാടകയിലും സ്ഥിതി ഗുരുതരമാണ്.

കോവിഡ് രണ്ടാം തരംഗത്തിൽ സ്ഥിതി ഗുരുതരമായ ഡൽഹിയിൽ ദിനംപ്രതി 976 മെട്രിക് ടൺ ഓക്സിജനാണ് ആവശ്യമുള്ളത്. എന്നാൽ കേന്ദ്രസർക്കാർ അനുവദിക്കുന്നത് 590 മെട്രിക് ടൺ ഓക്സിജൻ മാത്രമാണ്. അനുവദിച്ചതിനെക്കാൾ 100 മെട്രിക് ടൺ കുറവ് ഓക്സിജനാണ് നിലവിൽ ലഭിക്കുന്നതെന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വാദം ശരിവെക്കുന്നതാണ് ഡൽഹിയിലെ ആശുപത്രികളിലെ സ്ഥിതി. രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാവുമ്പോഴും അനുവദിക്കുന്ന ഓക്സിജന്‍റെ അളവ് ദിനംപ്രതി കുറഞ്ഞുവരുന്നതായി ഡൽഹിയിലെ വിവിധ ആശുപത്രികൾ അറിയിച്ചു .മരുന്നുകളുടെയും ഐ.സി.യു കിടക്കകളുടെയും ക്ഷാമവും പരിഹാരമില്ലാതെ തുടരുകയാണ്.

അതിനിടെ സംസ്ഥാനത്തെ ഓക്സിജൻ ക്ഷാമം വിലയിരുത്താൻ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഇന്ന് അടിയന്തര യോഗം വിളിച്ചു. കഴിഞ്ഞ ദിവസം ചാമരാജനഗർ ആശുപത്രിയിൽ 24 രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ച സാഹചര്യത്തിലാണ് അടിയന്തരയോഗം. പ്രതിദിനകേസുകൾ വർധിക്കുന്ന ബംഗളൂരുവിൽ ദിവസം കഴിയുന്തോറും ഓക്സിജൻ ക്ഷാമം രൂക്ഷമാവുകയാണ്.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News