'ആ ഉയരുന്ന പുക എന്‍റെ അമ്മയാണ്, ഫോട്ടോ എടുക്കാമോ'? കോവിഡ് കാലത്തെ ശ്മശാന ദൃശ്യങ്ങള്‍

ഭോപ്പാലിലെ ഒരു ശ്മശാനത്തില്‍ ഒരേ സമയം കത്തുന്നത് 45 പേരുടെ ചിതകള്‍

Update: 2021-04-17 11:33 GMT
Advertising

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഉള്‍ക്കൊള്ളാനാവാതെ വീര്‍പ്പുമുട്ടുകയാണ് ശ്മശാനങ്ങള്‍. ഭോപ്പാലിലെ ഒരു ശ്മശാനത്തില്‍ ഒരേ സമയം 45 പേരുടെ ചിതകള്‍ കത്തുന്നതിന്‍റെ ദൃശ്യം ഒരു ഫോട്ടോ ജേണലിസ്റ്റ് പകര്‍ത്തി. ശ്മശാനത്തിലെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെ ഒരു കൊച്ചുപെണ്‍കുട്ടി, അദ്ദേഹത്തോട് വന്നുചോദിച്ചതിങ്ങനെ-

"അങ്കിള്‍, എന്‍റെ അമ്മയാണ് അത്. ആ ചിമ്മിനിയിലൂടെ ഉയരുന്ന പുക എന്‍റെ അമ്മയാണ്. അമ്മ ദൈവത്തിനടുത്തേക്ക് പോവുകയാണ്. ഫോട്ടോ എടുക്കാമോ?"

ഇത്തരത്തില്‍ കരളലിയിക്കുന്ന നിരവധി രംഗങ്ങള്‍ക്കാണ് കോവിഡ് കാലത്ത് ആശുപത്രികളും ശ്മശാനങ്ങളും സാക്ഷിയാവുന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളുമായി പ്രിയപ്പെട്ടവര്‍ ശ്മശാനങ്ങള്‍ക്ക് മുന്നില്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കുകയാണ്. ഭോപ്പാല്‍, വരാണസി, ഇന്‍ഡോര്‍ തുടങ്ങി നിരവധി സിറ്റികളില്‍ ഇതാണ് അവസ്ഥ.

"ഇങ്ങനെയൊരു കാഴ്ച ഇതുവരെ ജീവിതത്തില്‍ കണ്ടിട്ടില്ല. ചിതയൊരുക്കാനുള്ള തടി പോലും കിട്ടുന്നില്ല. മണിക്കൂറുകള്‍ കാത്തുനിന്ന് ഞങ്ങളുടെ അവസരത്തിനായി ഇരക്കുകയായിരുന്നു. 15-20 മൃതദേഹങ്ങള്‍ വരിയിലാണ്. 20-22 ചിതകള്‍ ഒരേസമയം കത്തുന്നു"- കോവിഡ് ബാധിച്ച് മരിച്ച പ്രിയപ്പെട്ട ഒരാളുടെ മൃതദേഹം സംസ്കരിക്കാന്‍ ഹരിശ്ചന്ദ്ര ഘാട്ടില്‍ എത്തിയ 48 വയസ്സുകാരന്‍ പറഞ്ഞതാണിത്.

കഴിഞ്ഞ നാല് ദിവസത്തിനിടെ 200 മൃതദേഹങ്ങള്‍ സംസ്കരിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കാന്‍ 2 ഏക്കര്‍ സ്ഥലം മാറ്റിവെച്ചിട്ടുണ്ട്- ഭോപ്പാലിലെ ഒരു ശ്മശാനം നടത്തിപ്പുകാരനായ മമ്തേഷ് ശര്‍മ പറഞ്ഞു. അതേസമയം ഭോപ്പാലില്‍ ശ്മശാനങ്ങളില്‍ ദഹിപ്പിക്കുന്ന മൃതദേഹങ്ങളുടെ എണ്ണവും സര്‍ക്കാര്‍ കണക്കിലെ കോവിഡ് മരണങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News