'കോവിഡിനെ പിടിച്ചുകെട്ടാന്‍ പ്രധാനമന്ത്രി 18-19 മണിക്കൂര്‍ ജോലി ചെയ്യുന്നു'

കോവിഡിനെതിരായ പോരാട്ടത്തില്‍ കേന്ദ്രം ആരോടും വിവേചനം കാണിക്കുന്നില്ലെന്ന് പീയൂഷ് ഗോയല്‍

Update: 2021-04-19 09:14 GMT
Advertising

കോവിഡ് വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസവും 18-19 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നുണ്ടെന്ന് മന്ത്രി പീയൂഷ് ഗോയല്‍. കോവിഡിനെ പിടിച്ചുകെട്ടാന്‍ സംസ്ഥാനങ്ങളെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡിനെതിരായ പോരാട്ടത്തില്‍ രാഷ്ട്രീയ കലര്‍ത്തരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

കോവിഡിനെതിരായ പോരാട്ടത്തില്‍ കേന്ദ്രം ആരോടും വിവേചനം കാണിക്കുന്നില്ല. ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം തിരിച്ചെത്തിയ പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ടെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു.

"കോവിഡ് വ്യാപനം രൂക്ഷമായ 12 സംസ്ഥാനങ്ങളുമായി കേന്ദ്രം ആശയവിനിമയം നടത്തിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തിനും എത്രത്തോളം ഓക്സിജന്‍ ആവശ്യമാണെന്നത് സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ട്. 6177 മെട്രിക് ടണ്‍ ഓക്സിജന്‍ വിതരണം ചെയ്യും. ഏറ്റവും കൂടുതല്‍ നല്‍കാന്‍ പോകുന്നത് മഹാരാഷ്ട്രയ്ക്കാണ്. 1500 മെട്രിക് ടണ്‍ ഓക്സിജന്‍ മഹാരാഷ്ട്രക്ക് നല്‍കും. ഓക്സിജന്‍ എക്സ്പ്രസ് ട്രെയിനുകള്‍ സംസ്ഥാനങ്ങളിലേക്ക് ഉടന്‍ എത്തും"- കേന്ദ്രസര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്ന സോണിയ ഗാന്ധിയുടെയും മഹാരാഷ്ട്ര സര്‍ക്കാരിന്‍റെയും ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പീയൂഷ് ഗോയല്‍.

അതേസമയം കോവിഡ് രണ്ടാം ഘട്ടം രാജ്യത്തെ പിടിച്ചുലയ്ക്കുന്നതിനിടെ ഇന്നലെ ബംഗാളില്‍ കൂറ്റന്‍ റാലി നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ഇതാദ്യമായാണ് ഇത്രയും വലിയൊരു റാലി കാണുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. നിങ്ങള്‍ നിങ്ങളുടെ ശക്തി കാണിച്ചു. അടുത്ത ഘട്ടം കൂടുതല്‍ പ്രധാനമാണ്. ഇനി വോട്ടുചെയ്യുക, മറ്റുള്ളവരെയും അതില്‍ പങ്കെടുപ്പിക്കുക എന്നാണ് നരേന്ദ്ര മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞത്. പലയിടത്തും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നിരോധനാജ്ഞയും ലോക്ഡൌണിന് സമാനമായ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നതിനിടെയാണ് വന്‍ജനാവലിയെ പ്രധാനമന്ത്രി പുകഴ്ത്തിയത്.

ഇന്ത്യയില്‍ പ്രതിദിന കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നാണ്. 2,61,500 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 1501 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിലവിൽ ഒന്നരക്കോടിയിലേറെപ്പേരാണ് ചികിത്സയിലുള്ളത്. ഡൽഹിയിൽ ആറ് ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകളും അവശ്യ സർവീസുകളും മാത്രമാകും പ്രവർത്തിക്കുക. മധ്യപ്രദേശിലെ ഷഹ്ദോൾ ജില്ലയിലെ ഗവ. മെഡിക്കൽ കോളജിൽ ഓക്സിജൻ ലഭിക്കാതെ 10 കോവിഡ് രോഗികൾ മരിച്ചു. ഓക്സിജൻ വിതരണം തടസ്സപ്പെട്ടിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കോവിഡ് സ്ഥിതി ചർച്ച ചെയ്യാൻ അടിയന്തരമായി പാർലമെൻറ് വിളിച്ചുചേർക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. കോവിഡ് മരണ നിരക്ക് വർധിച്ചതോടെ പലയിടത്തും ശവസംസ്കാരവും പ്രതിസന്ധിയിലാണ്. ഇതിനിടെ  ആരോഗ്യപ്രവർത്തകർക്കുള്ള കോവിഡ് ഇൻഷുറൻസ് കേന്ദ്ര സർക്കാർ നിർത്തിവെച്ചു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News