മോദി ട്വിറ്ററില്‍ പിന്തുടരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അമിത് ജെയ്സ്വാള്‍ കോവിഡ് ബാധിച്ചു മരിച്ചു; പ്രധാനമന്ത്രി സഹായിച്ചില്ലെന്ന് കുടുംബം

പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് 42 കാരനായ അമിത് കോവിഡ് ബാധിച്ച് മരണമടയുന്നത്

Update: 2021-05-12 12:09 GMT
Editor : Jaisy Thomas | By : Web Desk

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധകന്‍ കൂടിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അമിത് ജെയ്സ്വാള്‍ കോവിഡ് ബാധിച്ചു മരിച്ചതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ ആരോപണവുമായി കുടുംബം.

പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് 42 കാരനായ അമിത് കോവിഡ് ബാധിച്ച് മരണമടയുന്നത്. ഇതിന് പിന്നാലെ അമിതിന്‍റെ അമ്മയും വൈറസ് ബാധിച്ച് മരിച്ചിരുന്നു. കോവിഡ് ബാധിതനായ അമിതിന് ആഗ്രയിലെ ആശുപത്രികളില്‍ കിടക്ക ലഭിക്കാന്‍ ബുദ്ധിമുട്ടിയെന്ന് സഹോദരി പറയുന്നു. പ്രധാനമന്ത്രി ഇടപെടുമെന്ന പ്രതീക്ഷയില്‍ ജയ്സ്വാളിന്‍റെ ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നും പ്രധാനമന്ത്രിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ടാഗ് ചെയ്തു കൊണ്ട് സഹോദരി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. റെംഡെസിവിര്‍ ഇഞ്ചക്ഷന്‍ ലഭിക്കാന്‍ സഹായവും തേടിയിരുന്നു. എന്നാല്‍ ഫലമുണ്ടായില്ലെന്ന് സഹോദരി സോനു അലാഗ് ആരോപിക്കുന്നു.

Advertising
Advertising

മോദിയുടെ സ്വയംപ്രഖ്യാപിത ഭക്തനെന്നാണ് അമിതിനെ കുടുംബം വിളിക്കുന്നത്. അദ്ദേഹത്തിന്‍റെ വാട്ട്സാപ്പിലെ പ്രൊഫൈല്‍ ഫോട്ടോ വരെ മോദിയുടെതാണ്. പ്രധാനമന്ത്രി തന്നെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ടെന്ന് ട്വിറ്റര്‍ ബയോയിലും അമിത് കുറിച്ചിട്ടുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ പ്രധാനമന്ത്രിയും സംസ്ഥാന സര്‍ക്കാരും തങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അമിതും കുടുംബവും. മോദിക്കും യോഗിക്കുമെതിരെ ഒരു വാക്കു പോലും അദ്ദേഹം പറയുമായിരുന്നില്ല. ആരെങ്കിലും പറഞ്ഞാല്‍ അവരെ അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ..സോനു പറയുന്നു.വര്‍ഷങ്ങളായി അമിതിന്‍റെ കാറിന്‍റെ പിന്‍ഭാഗം അലങ്കരിച്ചിരുന്നത് മോദിയുടെ ഒരു വലിയ പോസ്റ്ററായിരുന്നു. അമിതിന്‍റെ മരണത്തിന് ശേഷം ആ പോസ്റ്റര്‍ കീറിക്കളഞ്ഞതായി സോനുവും ഭര്‍ത്താവ് രാജേന്ദ്രയും പറഞ്ഞു. വര്‍ഷങ്ങളായി മോദിക്ക് വേണ്ടി പോരാടിയ ആളാണ് അമിത്, എന്നിട്ട് അദ്ദേഹത്തിന് വേണ്ടി മോദി എന്തു ചെയ്തു. അതുകൊണ്ടാണ് ഞങ്ങളാ പോസ്റ്റര്‍ കീറിയത്..രാജേന്ദ്ര ദ പ്രിന്‍റിനോട് പറഞ്ഞു.



 


ഏപ്രില്‍ 29ന് രാവിലെ മഥുരയിലെ നിയതി ആശുപത്രിയില്‍ വച്ചാണ് അമിത് മരിച്ചത്. 9 ദിവസങ്ങള്‍ക്കു മുന്‍പാണ് അമിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പരസ്യങ്ങള്‍ക്ക് വേണ്ടിയുള്ള ബോര്‍ഡുകളുടെയും ബാനറുകളുടെയും ബിസിനസാണ് അമിതിന്. കുട്ടിക്കാലം മുതലെ കടുത്ത ആര്‍.എസ്.എസ് അനുഭാവി കൂടിയാണ് അമിത്. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News