യുപിയിൽ വീണ്ടും വാക്‌സിൻ പേടി; ആരോഗ്യ പ്രവർത്തകരെ കണ്ട് വീപ്പയ്ക്കു പിറകിൽ ഒളിച്ച് വയോധിക

ഇറ്റാവയിലെ ചന്ദൻപൂർ ഗ്രാമത്തിൽ എംഎൽഎയ്‌ക്കൊപ്പമാണ് ആരോഗ്യ പ്രവർത്തകർ വാക്‌സിൻ ഡ്രൈവ് നടത്തിയത്

Update: 2021-06-03 12:35 GMT
Editor : Shaheer | By : Web Desk

ഒരാഴ്ച മുൻപാണ് ഉത്തർപ്രദേശിൽ കോവിഡ് വാക്‌സിൻ പേടിച്ച് ഒരു ഗ്രാമം സരയൂ നദിയിലേക്ക് എടുത്തുചാടിയ വാർത്തകൾ പുറത്തുവന്നത്. യുപിയിലെ ഗ്രാമപ്രദേശങ്ങളിൽ നിലനിൽക്കുന്ന വാക്‌സിൻ ഭീതി മാറ്റാൻ അധികൃതർ ബോധവൽക്കരണ പരിപാടികൾ ഊർജിതമാക്കുന്നത് അങ്ങനെയാണ്. എന്നാൽ, ഇതുകൊണ്ടൊന്നും ജനങ്ങളുടെ അജ്ഞത മാറ്റാനായില്ലെന്നു വ്യക്തമാക്കുന്നതാണ് യുപിയിലെ ഇറ്റാവയിൽനിന്നു വരുന്ന പുതിയൊരു വാർത്ത.

ഇറ്റാവയിൽ വീടുതോറും കയറിയിറങ്ങിയാണ് ആരോഗ്യ പ്രവർത്തകർ വാക്‌സിൻ നൽകുന്നത്. എന്നാൽ, ആരോഗ്യ പ്രവർത്തകർ വരുന്നതറിഞ്ഞ് വീട്ടിനകത്തെ വലിയ വീപ്പയ്ക്കു പിറകിൽ ഒളിക്കുകയാണ് ഒരു വയോധിക ചെയ്തത്. കുടുംബാംഗങ്ങളും ആരോഗ്യ പ്രവർത്തകരുമെല്ലാം പലതും പറഞ്ഞുനോക്കിയിട്ടും ഇവർ വഴങ്ങിയില്ല. നിരന്തര ശ്രമത്തിനൊടുവിൽ ഇവർ മുറിയിൽനിന്ന് പുറത്തിറങ്ങി. എന്നാൽ, പുറത്തിറങ്ങിയിട്ടും വാക്‌സിനെടുക്കാൻ വയോധിക കൂട്ടാക്കിയില്ല. ആരോഗ്യ പ്രവർത്തകരെ കണ്ട് ഭയന്നിരിക്കുകയായിരുന്നു ഇവർ.

Advertising
Advertising

ഇറ്റാവയിലെ ചന്ദൻപൂർ ഗ്രാമത്തിൽ എംഎൽഎ സരിത ഭദോരിയയ്‌ക്കൊപ്പമാണ് ആരോഗ്യ പ്രവർത്തകർ വാക്‌സിൻ ഡ്രൈവ് നടത്തിയത്. ആളുകൾ വാക്‌സിനെടുക്കാൻ വിസമ്മതിക്കുന്നത് സ്ഥിരം സംഭവമായതോടെയാണ് എംഎൽഎ തന്നെ നേരിട്ട് വീടുതോറും കയറിയിറങ്ങി ബോധവൽക്കരണത്തിനു നേതൃത്വം നൽകിയത്.

ഉത്തർപ്രദേശിലെ ഗ്രാമീണ മേഖലയിൽ കോവിഡ് വാക്‌സിൻ പേടിയെക്കുറിച്ചുള്ള നിരവധി വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. ബാരാബംഗിയിൽ ആരോഗ്യ പ്രവർത്തകരെ കണ്ട് ജനങ്ങൾ വീട്ടിൽനിന്ന് ഇറങ്ങിയോടുകയായിരുന്നു.

ബോധവൽക്കരണങ്ങളൊന്നും ഫലിക്കാതെ വന്നതോടെ മറ്റു തന്ത്രങ്ങളും അധികൃതർ പയറ്റിനോക്കുന്നുണ്ട്. വാക്‌സിനെടുക്കാത്തവർക്ക് മദ്യം ലഭിക്കില്ലെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. വാക്‌സിനെടുക്കാത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കില്ലെന്നും ഉത്തരവിറക്കിയിട്ടുണ്ട് യുപിയിൽ.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News