ആദ്യഘട്ടത്തില്‍ 85 കോടി ഡോസുകള്‍; രാജ്യത്ത് സ്പുട്നിക് വാക്സിന്‍ ഉത്പാദനം ആഗസ്റ്റില്‍ ആരംഭിക്കും

മെയ്​ അവസാനത്തോടെ 30 ലക്ഷം വാക്​സിൻ ഡോസുകള്‍ ഇന്ത്യയിലേക്ക്​ ​ഇറക്കുമതി ചെയ്യും.

Update: 2021-05-22 10:55 GMT

റഷ്യ വികസിപ്പിച്ച സ്പുട്നിക് വാക്സിൻ്റെ പ്രാദേശിക നിര്‍മാണം ഇന്ത്യയില്‍ വൈകാതെ തുടങ്ങുമെന്ന് സൂചന. ആഗസ്റ്റ് മുതല്‍ ഇന്ത്യയില്‍ വാക്സിന്‍ ഉത്പാദനം ആരംഭിക്കാനാണ് നീക്കമെന്ന് റഷ്യയിലെ ഇന്ത്യന്‍ പ്രതിനിധി ഡി.ബി വെങ്കടേഷ് വര്‍മ്മ അറിയിച്ചു. ലോകത്തെ മൊത്തം സ്പുട്നിക് വാക്സിനുകളില്‍ 65- 70ശതമാനം ഇന്ത്യയിലാണ് നിര്‍മിക്കുക. തുടക്കത്തില്‍ 85 കോടി ഡോസ് വാക്‌സിന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കാനാണ് പദ്ധതിയെന്ന് വര്‍മ്മ പറഞ്ഞു. 

മെയ്​ അവസാനത്തോടെ 30 ലക്ഷം വാക്​സിൻ ഡോസുകള്‍ ഇന്ത്യയിലേക്ക്​ ​ഇറക്കുമതി ചെയ്യും. ജൂൺ അവസാനത്തോടെ വാക്സിൻ ഇറക്കുമതി 50 ലക്ഷമാക്കി ഉയർത്തുമെന്നും വെങ്കടേഷ് വര്‍മ്മ വ്യക്തമാക്കി. റഷ്യന്‍ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയിലെ ഡോ. റെഡ്ഡീസ് ലാബുമായി സഹകരിച്ച് ഇതിനകം രണ്ടു ലക്ഷത്തിലധികം ഡോസുകള്‍ ഇന്ത്യയ്ക്ക് നല്‍കിയിട്ടുണ്ട്.

Advertising
Advertising

സ്പുട്നിക് ലൈറ്റ് വിതരണം ചെയ്യാനും റഷ്യ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ അതിനുള്ള റെഗുലേറ്ററി അംഗീകാരങ്ങള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. റെഗുലേറ്ററി അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ സ്പുട്‌നിക് ലൈറ്റും ഇന്ത്യയില്‍ ലഭ്യമാക്കും. 

ഇറക്കുമതി ചെയ്യുന്ന സ്പുട്നിക് വാക്‌സിന്‍ ഡോസിന് 948 രൂപയാണ് പരമാവധി വിലയായി ഈടാക്കുന്നത്. 5 ശതമാനം ജി.എസ്.ടി കൂടികണക്കാക്കുമ്പോള്‍ ഒരു ഡോസിന് 995.4 രൂപ വില വരും. ഇന്ത്യയില്‍ ഉത്പാദനം ആരംഭിച്ചാല്‍ വില കുറയുമെന്ന് ഡോ. റെഡ്ഡീസ് ലാബോറട്ടറി നേരത്തെ അറിയിച്ചിരുന്നു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News