ജീവന്‍ നഷ്ടമായത് മൂന്നു പേര്‍ക്ക് മാത്രം; അധ്യാപക സംഘടനയുടെ റിപ്പോര്‍ട്ട് തള്ളി യു.പി സര്‍ക്കാര്‍

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക്​ 30 ലക്ഷം നഷ്ടപരിഹാരം നൽകുമെന്നും യു.പി സർക്കാർ അറിയിച്ചു.

Update: 2021-05-19 09:23 GMT

തെരഞ്ഞെടുപ്പ്​ ഡ്യൂട്ടിയിൽ പ​ങ്കെടുത്ത 1621 അധ്യാപക- അനധ്യാപക ജീവനക്കാർ കോവിഡ്​ ബാധിച്ച്​ മരിച്ചുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ച്​ യു.പി സർക്കാർ. മൂന്ന്​ അധ്യാപകർ മാത്രമാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചതെന്നാണ്​ സംസ്ഥാന സർക്കാറിന്‍റെ ബേസിക്​ എഡ്യുക്കേഷൻ കൗൺസിൽ പറയുന്നത്​. ഇവരുടെ കുടുംബാംഗങ്ങൾക്ക്​ 30 ലക്ഷം നഷ്​ടപരിഹാരം നൽകുമെന്നും യു.പി സർക്കാർ അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ചുമതല നിര്‍വഹിച്ചതോടെ, രോഗബാധയേറ്റ് മരിച്ച അധ്യാപകരുടെ എണ്ണം 706 ല്‍ നിന്നും 1,621 ആയി ഉയര്‍ന്നതായായിരുന്നു അധ്യാപക സംഘടനയുടെ ആരോപണം. പ്രാഥമിക് ശിക്ഷക് സംഘ് എന്ന സംഘടന ഇതുസംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു.

Advertising
Advertising

ഏപ്രില്‍ അവസാനത്തോടെയാണ് യു.പിയിലെ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടം പൂര്‍ത്തിയാകുന്നത്. കോവിഡ് ഭീഷണിയുടെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയില്‍ ഹരജിയും സമര്‍പ്പിച്ചു. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചതിനാല്‍ ഹരജി കോടതി തള്ളുകയാണുണ്ടായത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള മെയ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചിട്ടുള്ളത്. മരണപ്പെട്ടവരെ കോവിഡ് പോരാളികളായി പ്രഖ്യാപിക്കണമെന്നും, ഓരോരുത്തരുടെയും കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News