18 ലക്ഷം ജനസംഖ്യയുള്ള ജില്ലയിൽ ഒരേയൊരു കോവിഡ് ആശുപത്രി; യോഗിയുടെ യുപിയിലെ ആരോഗ്യരംഗം ഇങ്ങനെയൊക്കെയാണ്
പനിക്കും കോവിഡിനും നാട്ടുകാർ ആശ്രയിക്കുന്നത് മുറിവൈദ്യന്മാരെ
ധാതുപദാർത്ഥങ്ങൾ കൊണ്ട് സമ്പന്നമാണ് കിഴക്കൻ യുപിയിലെ സോൻഭദ്ര. പക്ഷെ, അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളുടെ കാര്യത്തിൽ അതിദരിദ്രമാണ് ഈ ജില്ല. 18 ലക്ഷം ജനസംഖ്യയുള്ള ജില്ലയിലെ ആകെ ഒരു കോവിഡ് ആശുപത്രിയാണുള്ളത്. യോഗി ആദിത്യനാഥിന്റെ സ്വന്തം സംസ്ഥാനത്തെ ഒരു പ്രധാന ജില്ലയുടെ സ്ഥിതിയാണിത്.
1,441 ഗ്രാമങ്ങളിലായി 6,788 ചതുരശ്ര കി.മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഗ്രാമത്തിൽ ആകെ ഒൻപത് സാമൂഹികാരോഗ്യ കേന്ദ്രങ്ങളാണുള്ളത്. കോവിഡ് ചികിത്സ ലഭിക്കുന്നത് ജില്ലാ ആസ്ഥാനമായ റോബർട്‌സ്ഗഞ്ചിലെ ഒരേയൊരു ആശുപത്രിയിലും. സാധാരണ പനി തൊട്ട് കോവിഡ് അടക്കമുള്ള മഹാമാരികൾക്ക് വരെ ഈ നാട്ടുകാർ ആശ്രയിക്കുന്നത് മുറിവൈദ്യന്മാരെയും വ്യാജ ഡോക്ടർമാരെയുമാണ്.
ഫരിപാൻ ഗ്രാമത്തിൽനിന്നുള്ള ഗോത്രവർഗക്കാരനായ രമാശങ്കറിന് കോവിഡ് രോഗലക്ഷണങ്ങളെല്ലാമുണ്ടായിട്ടും ഇതുവരെ ഒരു ടെസ്റ്റ് നടത്താനായിട്ടില്ല. കടുത്ത ചുമയും പനിയുമെല്ലാമായി അസ്വസ്ഥനായ രമാശങ്കറിന് സാധാരണ ഡോക്ടറെ കാണണമെങ്കിൽ തന്നെ 30 കി.മീറ്റർ അകലെയുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തണം. കോവിഡ് ആശുപത്രിയിലെത്തണമെങ്കിൽ 90 കി.മീറ്റർ ദൂരവും സഞ്ചരിക്കണം. പരിസര നാടുകളിലൊന്നും അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ പോലുമില്ല. ഇതിനാൽ വ്യാജ ഡോക്ടർമാരെ സമീപിക്കുക മാത്രമാണ് മുൻപിലുണ്ടായിരുന്ന ഒരേയൊരു വഴിയെന്ന് രമാശങ്കർ പറയുന്നു.
സോൻഭദ്രയിൽ 12,453 കോവിഡ് കേസുകളാണ് ഔദ്യോഗികമായി മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 143 പേർ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു. 3,600 ആക്ടിവ് കോവിഡ് കേസുകളാണ് ജില്ലയിലുള്ളത്. ജില്ലാ ആസ്ഥാനത്തുള്ള കോവിഡ് ആശുപത്രിയിൽ ഒരു ജില്ലയ്ക്കായി ആകെ 300 ബെഡാണുള്ളത്. ഇതിൽ തന്നെ ആകെ ആറു ബെഡുകളിലാണ് വെന്റിലേറ്റർ സൗകര്യമുള്ളത്. ഓക്‌സിജൻ സൗകര്യമുള്ള ബെഡുകൾ 69ഉം.