നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍; ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പത്തു ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

Update: 2021-04-15 09:55 GMT

കോവിഡ് വ്യാപനം രൂക്ഷമായ ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രി പത്തുമുതൽ തിങ്കളാഴ്ച ആറുവരെയാണ് വാരാന്ത്യ കര്‍ഫ്യൂ നടപ്പാക്കുക. അത്യാവശ്യ സേവനങ്ങൾക്ക് മാത്രം ഇളവു നൽകും. മാളുകൾ, ജിംനേഷ്യം ഉൾപ്പടെയുള്ളവ അടച്ചിടുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. 

സിനിമ തിയേറ്ററുകളില്‍ മുപ്പതു ശതമാനം ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം. റസ്റ്റോറന്‍റുകളില്‍ പാര്‍സല്‍ കൗണ്ടറുകള്‍ മാത്രമെ അനുവദിക്കൂ. വാരാന്ത്യ കര്‍ഫ്യൂ സമയങ്ങളില്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തുന്നവര്‍ക്ക് ഇ- പാസ് നല്‍കും. ഒരു മുനിസിപ്പല്‍ സോണില്‍ ദിവസം ഒരു മാര്‍ക്കറ്റിനു മാത്രമായിരിക്കും അനുമതി. 

Advertising
Advertising

അതേസമയം, ഡൽഹിയിൽ ചികിത്സ സൗകര്യങ്ങളുടെ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. നിലവില്‍ ആശുപത്രി കിടക്കകള്‍ക്കു ദൗര്‍ബല്യമില്ല. അയ്യായിരം കിടക്കകള്‍ ഇപ്പോള്‍ ഒഴിവുണ്ടെന്നും കിടക്കകളുടെ എണ്ണം കൂട്ടുന്നതിനാവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണെന്നും കെജ്രിവാള്‍ അറിയിച്ചു.

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പത്തു ജില്ലകളില്‍ രാത്രി എട്ടുമുതല്‍ രാവിലെ ഏഴുവരെയാണ് കര്‍ഫ്യൂ നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പ്രധാനമാർക്കറ്റുകൾ അടച്ചിടാനും തീരുമാനമായി. സ്കൂളുകള്‍ മെയ്15 വരെ അടച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ മെയ് 20 വരെ നീട്ടിവെച്ചതായും സര്‍ക്കാര്‍ അറിയിച്ചു. 


Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News