സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ
വെള്ളിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത കുറ്റാരോപിതനെ ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്
മുംബൈ: നടൻ സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാൾ മുംബൈ പോലീസ് പിടിയിൽ. വെള്ളിയാഴ്ച രാവിലെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ച കുറ്റാരോപിതനെ ചോദ്യം ചെയ്തുവരികയാണ്. വ്യാഴാഴ്ച പുലർച്ചെയാണ് താരത്തിന്റെ ഫ്ലാറ്റിനുള്ളിൽ അതിക്രമിച്ചു കയറി പണം ആവശ്യപ്പെടുകയും ആക്രമിക്കുകയും ചെയ്തത്.
സംഭവത്തിൽ സെയ്ഫ് അലി ഖാന് ആറ് തവണ കുത്തേറ്റിരുന്നു. സംഘർഷത്തിൽ ഒരു ജീവനക്കാരനും പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിൽ എത്തിക്കുകയും ഉടൻ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
മുംബൈ പോലീസ് പറയുന്നതനുസരിച്ച്, അക്രമിക്ക് സെയ്ഫ് അലി ഖാന്റെ വീട്ടിലെ ജീവനക്കാരിൽ ഒരാളുമായി ബന്ധമുണ്ട്. അവരാണ് വീട്ടിലേക്ക് കയറാൻ സഹായിച്ചത്. നിലവിൽ ജീവനക്കാരെയും ചോദ്യം ചെയ്തുവരികയാണ്. കെട്ടിടത്തിനുള്ളിലെ സിസിടിവി ക്യാമറയിൽ അക്രമിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.