സൗദിയിൽ വധശിക്ഷകളുടെ എണ്ണം കുത്തനെ കുറഞ്ഞു
മയക്കുമരുന്ന് കേസുകളിലെ വധശിക്ഷക്ക് മോറട്ടോറിയം പ്രഖ്യാപിച്ചതും പ്രായപൂര്‍ത്തിയാകാത്തവരുടെ വധശിക്ഷ നിര്‍ത്തലാക്കിയതുമാണ് ഇതിന് കാരണം
സൗദിയിൽ വധശിക്ഷകളുടെ എണ്ണം കുത്തനെ കുറഞ്ഞതായി കണക്കുകൾ .വധശിക്ഷ എണ്‍പത്തഞ്ച് ശതമാനമാണ് കുറഞ്ഞത്. മയക്കുമരുന്ന് കേസുകളിലെ വധശിക്ഷക്ക് മോറട്ടോറിയം പ്രഖ്യാപിച്ചതും പ്രായപൂര്‍ത്തിയാകാത്തവരുടെ വധശിക്ഷ നിര്‍ത്തലാക്കിയതുമാണ് ഇതിന് കാരണം.
2020 ൽ 27 വധശിക്ഷയാണ് രാജ്യത്ത് നടപ്പിലാക്കിയത്. 2019 നെ അപേക്ഷിച്ച് 85 ശതമാനം കുറവാണിത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കുള്ള വധശിക്ഷക്ക് ഏർപ്പെടുത്തിയ മൊറട്ടോറിയമാണ് വധശിക്ഷ കുത്തനെ കുറയാൻ കാരണമായത്.
പ്രായപൂർത്തിയാകാത്തവരുടെ കുറ്റകൃത്യങ്ങൾക്ക് 2018-ൽ സഊദി അറേബ്യ വധശിക്ഷ നിരോധിച്ചിരുന്നു. കഴിഞ്ഞ വർഷം ചാട്ടവാറടി ശിക്ഷ സൗദി ഒഴിവാക്കിയിരുന്നു. പകരം തടവു ശിക്ഷയാക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പരിഷ്കരണങ്ങളുടെ ഭാഗമായാണ് പ്രാകൃത ശിക്ഷകൾ ഒഴിവാക്കിയത്. 2019ലെ ആംനസ്റ്റി കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്നത് ചൈനയിലാണ്. ഇവിടുത്തെ വധശിക്ഷ ഭൂരിഭാഗവും പുറം ലോകമറിയാറില്ലെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടിയിരുന്നു. വധ ശിക്ഷ നടപ്പാക്കുന്നതിൽ രണ്ടാം സ്ഥാനത്ത് ഇറാനും മൂന്നാം സ്ഥാനത്ത് സൗദിയും നാലാം സ്ഥാനത്ത് ഇറാഖും അഞ്ചാം സ്ഥാനത്ത് ഈജിപ്തുമാണ്.