പശ്ചിമേഷ്യയിൽ സമാധാനം നിലനിർത്തുന്നതിൽ ഒമാന്‍ നിർണായക പങ്കാളിത്തമാണ് വഹിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗവിൻ വില്ല്യംസൺ
പശ്ചിമേഷ്യയിൽ സമാധാനവും ഭദ്രതയും നിലനിർത്തുന്നതിൽ ഒമാന്‍ നിർണായക പങ്കാളിത്തമാണ് വഹിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗവിൻ വില്ല്യംസൺ. സമാധാന ശ്രമത്തിനായി സുൽത്താൻ ഖാബൂസും ഒമാന്‍ സർക്കാരും നടത്തിവരുന്ന സുപ്രധാന ഇടപെടലുകൾ അഭിനന്ദനാർഹമാണ്. മസ്കത്തിലെ ബ്രിട്ടീഷ് എംബസിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗവിൻ വില്ല്യംസൺ.
ഒമാനിൽ ഹൃസ്വ സന്ദർശനത്തിന് എത്തിയതാണ് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി. സമാധാനവും ഭദ്രതയും ഉറപ്പാക്കുന്നതിലൂടെ മാത്രമേ മേഖലയുടെ ഭാവി ശോഭനമാവുകയുള്ളൂ. എല്ലാ കക്ഷികളോടും ഒരു പോലെ സംസാരിക്കാൻ സാധിക്കുന്ന നിഷ്പക്ഷ നിലപാടാണ് ഒമാൻ സ്വീകരിച്ചു വരുന്നത്. ഭിന്നതകൾ അകറ്റാനും മുറിവുകൾ ഉണക്കാനും ഇതുവഴി പലപ്പോഴും സാധിക്കുന്നു. ഗൾഫിലെ സുരക്ഷ ബ്രിട്ടന്റെയും സുരക്ഷയയാണ് കരുതുന്നത്. ഇത് എങ്ങനെ വർധിപ്പിക്കാൻ കഴിയുമെന്ന ആലോചനയിലാണ് ഉള്ളതെന്നും ഇതിന്റെ ഭാഗമായാണ് ഒമാനുമായി സംയുക്ത പ്രതിരോധ കരാറിൽ ഏർപ്പെട്ടതെന്നും ഗവിൻ വില്ല്യംസൺ പറഞ്ഞു. ഗൾഫിൽ മാത്രമല്ല ആഗോള തലത്തിൽ തന്നെ ബ്രിട്ടന്റെ ഏറ്റവുമടുത്ത സുഹൃദ് രാജ്യമാണ് ഒമാൻ. സംയുക്ത കരാർ ഇരു രാഷ്ട്രങ്ങളിലെയും പ്രതിരോധ മേഖലയെ സംബന്ധിച്ച് ചരിത്ര നിമിഷമാണ്. കരാർ ഒമാന്റെ മാത്രമല്ല ഗൾഫിന്റെ മൊത്തം സുരക്ഷക്കാണ്. പ്രതിരോധത്തിന് ഒപ്പം വിദ്യാഭ്യാസം, ആരോഗ്യം, വ്യാപാര മേഖലകളിലും ഒമാനും ബ്രിട്ടനും തമ്മിൽ സഹകരണമുണ്ടെന്നും പ്രതിരോധ സെക്രട്ടറി പറഞ്ഞു. യൂറോപ്യൻ യൂനിയനിൽ നിന്ന് പുറത്തുവന്ന ശേഷം വിദേശകാര്യ നയങ്ങളിൽ പുതിയ നയങ്ങളായിരിക്കും ബ്രിട്ടൻ സ്വീകരിക്കുകയെന്നും ഗവിൻ വില്ല്യംസൺ പറഞ്ഞു.