ജോയ്ക്കു പകരം ജോസിന്റെ ഫോട്ടോ; തൃക്കാക്കര എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ മന്ത്രിക്കും മനസ്സിലായില്ല

സി.പി.എം ആദ്യം തയാറാക്കിയ പോസ്റ്ററിൽ വെച്ചത് ഡോ. ജോസിന്റെ ചിത്രമായിരുന്നു എന്നും പിന്നീട് തിരുത്തുകയായിരുന്നു എന്നുമാണ് മനസ്സിലാകുന്നത്...

Update: 2022-05-05 12:02 GMT
Editor : André | By : Web Desk
Advertising

തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി എൽ.ഡി.എഫ് പ്രഖ്യാപിച്ച ഡോ. ജോ ജോസഫിനെ തിരിച്ചറിയാനാകാതെ മുൻ മന്ത്രി ടി.പി രാമകൃഷ്ണനും സി.പി.എം അനുകൂല ഫേസ്ബുക്ക് പേജായ 'കമ്മ്യൂണിസ്റ്റ് കേരള'യും. സ്ഥാനാർത്ഥിയുടെ ഫോട്ടോ സഹിതം പുറത്തിറക്കിയ ഓൺലൈൻ പോസ്റ്ററിലാണ് 'ആൾമാറാട്ടം' നടന്നത്. ആളുമാറി ഫോട്ടോ പ്രസിദ്ധീകരിച്ച പോസ്റ്ററുകൾ ടി.പി രാമകൃഷ്ണന്റെയും കമ്മ്യൂണിസ്റ്റ് കേരളയുടെയും പേജുകൾ പെട്ടെന്നുതന്നെ നീക്കം ചെയ്‌തെങ്കിലും സ്‌ക്രീൻഷോട്ടുകൾ പ്രചരിക്കുന്നുണ്ട്.

 

 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോതമംഗലത്ത് ട്വന്റി 20 സ്ഥാനാർത്ഥിയായിരുന്ന ഡോ. ജോസ് ജോസഫിന്റെ ഫോട്ടോയാണ് തൃക്കാക്കര എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റേതെന്ന പേരിൽ പോസ്റ്ററിൽ ഇടംപിടിച്ചത്. സി.പി.എം കേരള ഔദ്യോഗിക പേജിൽ പിന്നീട് പ്രസിദ്ധീകരിച്ച 'ഒറിജിനൽ' പോസ്റ്ററിൽ ഉപയോഗിച്ച ടൈപ്പ്‌ഫേസും ബാക്ക്ഗ്രൗണ്ടുമാണ് ആളുമാറിയ പോസ്റ്ററിലും ഉണ്ടായിരുന്നത്.

യഥാർത്ഥ പോസ്റ്ററിലുള്ള 'ഉറപ്പാണ് തൃക്കാക്കര, ഉറപ്പാണ് വികസനം, ഉറപ്പാണ് 100' എന്നീ വാചകങ്ങളും ഈ പോസ്റ്ററിലുണ്ടായിരുന്നു. ഔദ്യോഗികമായി തന്നെ ആദ്യം തയാറാക്കിയ പോസ്റ്ററിൽ വെച്ചത് ജോസ് ജോസഫിന്റെ ചിത്രമായിരുന്നു എന്നും അബദ്ധം തിരിച്ചറിഞ്ഞപ്പോൾ പിന്നീട് തിരുത്തുകയായിരുന്നു എന്നുമാണ് മനസ്സിലാകുന്നത്.

എറണാകുളം ലിസി ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സാ വിദഗ്ധനാണ് തൃക്കാക്കര എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ഡോ. ജോ ജോസഫ്. പാർട്ടി ചിഹ്നമായ ചുറ്റിക അരിവാൾ നക്ഷത്രത്തിലായിരിക്കും ഇദ്ദേഹം മത്സരിക്കുകയെന്ന് മുന്നണി കൺവീനർ ഇ.പി ജയരാജൻ വ്യക്തമാക്കി.

ആളുമാറി സി.പി.എം പോസ്റ്ററിൽ ഇടംപിടിച്ച ഡോ. ജോസ് ജോസഫ് കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫിന്റെ മരുമകനാണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ അസോസിയേറ്റ് പ്രൊഫസറായിരുന്നു ഇദ്ദേഹം. 2021-ലെ തെരഞ്ഞെടുപ്പിൽ കോതമംഗലത്ത് 7,978 വോട്ട് നേടിയ ഡോ. ജോസ് മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News