മദീനയിലെ പ്രവാചകന്‍റെ പള്ളിയിൽ റമദാൻ ഒരുക്കങ്ങൾ പ്രഖ്യാപിച്ചു
പ്രതിദിനം അറുപതിനായിരം പേർക്ക് നമസ്‌കരിക്കാൻ സൗകര്യമൊരുക്കും
മദീനയിലെ പ്രവാചകന്‍റെ പള്ളിയിൽ റമദാൻ ഒരുക്കങ്ങൾ പ്രഖ്യാപിച്ചു. റമദാനിലെ അവസാനത്തെ പത്തിൽ മുഴുവൻ സമയവും വിശ്വാസികൾക്ക് പള്ളിയിലേക്ക് പ്രവേശനം അനുവദിക്കും. പ്രതിദിനം അറുപതിനായിരം പേർക്ക് നമസ്‌കരിക്കാൻ സൗകര്യമൊരുക്കുമെന്നും ഹറം കാര്യാലയം മേധാവി അറിയിച്ചു.
ശഅ്ബാൻ, റമളാൻ എന്നീ മാസങ്ങളിൽ മദീനയിലെ മസ്ജിദു നബവിയിലെ ഒരുക്കങ്ങളും മുൻകരുതലുകളുമാണ്, ഇരു ഹറം കാര്യാലയം മേധാവി പ്രഖ്യാപിച്ചത്. ചെറിയ പെരുന്നാൾ ദിവസമുൾപ്പെടെ റമദാനിലെ പ്രത്യേക പദ്ധതി ഇരു ഹറം കാര്യാലയം മേധാവി ശൈഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം റമദാനിൽ രാത്രി തറാവീഹ് നമസ്‌കാരം പൂർത്തിയായി അര മണിക്കൂർ കഴിഞ്ഞാൽ പള്ളി അടക്കും. പിന്നീട് പ്രഭാത നമസ്‌കാരത്തിന് രണ്ട് മണിക്കൂർ മുമ്പാണ് തുറക്കുക. എന്നാൽ റമദാനിലെ അവസാനത്തെ പത്തിൽ മുഴുസമയവും വിശ്വാസികൾക്ക് നമസ്‌കാരത്തിന് അനുമതി നൽകുമെന്ന് ഇരുഹറം കാര്യാലയം മേധാവി പറഞ്ഞു.
പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ടായിരിക്കും ഹറമിലേക്ക് പ്രവേശനം അനുവദിക്കുക. ഹറമിന്‍റെ പഴയ ഏരിയയിലേക്കും, റൗളയിലേക്കും പ്രവേശിക്കുന്നതിന് പ്രത്യേക നിയന്ത്രണങ്ങളുണ്ടാകും. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ, നിലവിൽ പ്രതിദിനം 45,000 പേർക്ക് മാത്രമാണ് പ്രവാചക പള്ളിയിൽ നമസ്‌കരിക്കുന്നതിന് അനുമതിയുള്ളത്. എന്നാൽ പള്ളിയുടെ വികസനം പൂർത്തിയായ ഭാഗങ്ങളിൽ കൂടി നമസ്‌കാരത്തിന് അനുമതി നൽകുമെന്ന് അൽ സുദൈസ് വ്യക്തമാക്കി. ഇതോടെ പ്രതിദിനം അറുപതിനായിരം പേർക്ക് നമസ്‌കരിക്കാൻ അനുമതി ലഭിക്കും.