പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം
വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ, ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ ഫെബ്രുവരി 22നു രാജിവച്ചിരുന്നു
പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം. വിശ്വാസ വോട്ടെടുപ്പില്‍ നാരായണ സ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ, ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ ഫെബ്രുവരി 22നു രാജിവച്ചിരുന്നു. ബുധനാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് രാഷ്ട്രപതി ഭരണത്തിന് ഔദ്യോഗിക അനുമതിയായത്.
.@HMOIndia notifies President's Rule in Puducherry, issues gazette notification. pic.twitter.com/qYzlyMY8lj
— Prasar Bharati News Services पी.बी.एन.एस. (@PBNS_India) February 25, 2021
എംഎൽഎമാർ തുടർച്ചയായി രാജിവച്ചതോടെ 28 അംഗ പുതുച്ചേരി നിയമസഭയില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ അംഗബലം 12 ആയി ചുരുങ്ങി. വി.നാരാണസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കർ വി.പി.ശിവകൊളുന്തു അറിയിച്ചു. പിന്നാലെ, മുഖ്യമന്ത്രി വി.നാരാണസ്വാമി ലഫ്റ്റനന്റ് ഗവർണർ ഡോ. തമിഴ്‌സൈ സൗന്ദർരാജനെക്കണ്ട് രാജി സമർപ്പിച്ചു. എന്‍ആര്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യം നയിക്കുന്ന പ്രതിപക്ഷത്ത് 14 അംഗങ്ങളുണ്ട്. ഓള്‍ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ എന്നീ പാര്‍ട്ടികളിലെ 11 എംഎല്‍എമാരും ബിജെപിയുടെ നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുമടക്കമാണിത്.