അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ ആനയെ ചികിത്സിക്കുന്നതിനുള്ള ദൗത്യം തുടരും
ദൗത്യത്തിന് ഡോക്ടർ അരുൺ സക്കറിയയുടെ 20 അംഗ സംഘത്തിനൊപ്പം 80 പേർ അടങ്ങുന്ന വനപാലകരുടെ സംഘവും ഉണ്ടാകും
തൃശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ ആനയെ ചികിത്സിക്കുന്നതിനുള്ള ദൗത്യം തുടരും. ജനവാസമേഖലയിൽ നിന്ന് ആന സമീപത്തെ തുരുത്തിലേക്ക് നീങ്ങി. ആനയെ ചികിത്സിക്കാനുള്ള കൂടിനായുള്ള യൂക്കാലി മരങ്ങളുടെ ആദ്യ ലോഡ് വൈകുന്നേരത്തോടെ കോടനാട് എത്തും. ദൗത്യത്തിന് ഡോക്ടർ അരുൺ സക്കറിയയുടെ 20 അംഗ സംഘത്തിനൊപ്പം 80 പേർ അടങ്ങുന്ന വനപാലകരുടെ സംഘവും ഉണ്ടാകും.
മുറിവേറ്റ ആനയെ ചാലക്കുടി പുഴയുടെ തീരത്തിലൂടെ വെറ്റിലപ്പാറ പ്ലാന്റേഷൻ ഭാഗത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. ഇന്ന് രാവിലെ ഏഴാറ്റുമുഖത്തെ ജനവാസ മേഖലയിൽ ഇറങ്ങിയ കൊമ്പൻ നിരവധി വാഴകളും കവുങ്ങും കുത്തിയിട്ട് തിന്നു. അവശത ഉണ്ടെങ്കിലും നല്ല രീതിയിൽ ഭക്ഷണം എടുത്തതിന്റെ ആശ്വാസത്തിലാണ് വനംവകുപ്പ്. ദൗത്യത്തിന്റെ ഏറ്റവും പ്രധാനം ഘടകമായ കുങ്കി ആനകളിൽ ഒന്നിനെ അതിരപ്പള്ളിയിൽ എത്തിച്ചു. വിക്രമാണ് എത്തിയത്. കുഞ്ചുവും, കോന്നി സുരേന്ദ്രനും നാളെ രാവിലെ അതിരപ്പള്ളിയിലെത്തും. കൂടു നിർമ്മിക്കുന്നവരും, വയനാട് ആർആർടി സംഘവും എത്തിയിട്ടുണ്ട്.
നാളെ അരുൺ സക്കറിയയും അതിരപ്പള്ളിയിൽ എത്തുന്നതോടെ ദൗത്യത്തിന് വനം വകുപ്പ് പൂർണ്ണസജ്ജമാകും. നാളെ വൈകുന്നേരത്തിനു മുൻപായി കൂടിന്റെ നിർമ്മാണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പുള്ളത്.