ദോഹയില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന് വേദിയുണരാന്‍ ഇനി ഒരു മാസം മാത്രം
ഇതാദ്യമായാണ് ഗള്‍ഫ് മേഖല ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന് വേദിയാകുന്നത്
ദോഹയില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന് വേദിയുണരാന്‍ ഇനി ഒരു മാസം മാത്രം. സെപ്തംബര്‍ 28 ന് ദോഹ ഖലീഫ സ്റ്രേഡിയത്തില്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും. മലയാളി താരങ്ങളായ കെടി ഇര്‍ഫാനും മുഹമ്മദ് അനസും ഉള്‍പ്പെടെ 15 ഇന്ത്യന്‍ താരങ്ങള്‍ നിലവില്‍ മീറ്റിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച മൂവായിരത്തോളം അത്ലറ്റുകള്‍
49 ഇനങ്ങളിലായി 192 മെഡലുകള്‍. കായിക ലോകത്തിന്‍റെ കണ്ണും കാതും അടുത്ത മാസം 28 മുതല്‍ ഒക്ടോബര്‍ ആറ് വരെ ദോഹ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലേക്ക് തുറന്നുവെക്കും. ട്രാക്കിലും ഫീല്‍ഡിലുമായി പുതിയ ലോകരാജാക്കന്മാരും രാജ്ഞിമാരും ഉദയമെടുക്കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന യോഗ്യതാ ചാംപ്യന്‍ഷിപ്പുകള്‍ പൂര്‍ത്തിയാകുന്ന സെപ്തംബര്‍ രണ്ടാം വാരത്തോടെ ഏതൊക്കെ പ്രമുഖര്‍ ദോഹയിലേക്കെത്തുമെന്ന് വ്യക്തമാകും.
നാനൂറ് മീറ്റര്‍ താരം മുഹമ്മദ് അനസ്, ഹര്‍ഡില്‍സില്‍ എം.പി ജാബിര്‍, മാരത്തണില്‍ ടി ഗോപി, നടത്തത്തില്‍ കെ.ടി ഇര്‍ഫാന്‍ എന്നീ മലയാളികളുള്‍പ്പെടെ പതിനഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ഇതിനകം യോഗ്യതയുറപ്പിച്ചിട്ടുണ്ട്. ഏഷ്യന്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ പി.യു ചിത്ര, മധ്യദൂര ഓട്ടക്കാരന്‍ ജിന്‍സണ്‍ ജോണ്‍സണ്‍, അതിവേഗക്കാരി ധ്യൂതി ചന്ദ് എന്നിവരുടെ ഭാവി വരും ദിവസങ്ങളില്‍ നടക്കുന്ന യോഗ്യതാ മത്സരങ്ങളിലറിയാം. ഇതാദ്യമായാണ് ഗള്‍ഫ് മേഖല ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന് വേദിയാകുന്നത്.