ലോകകപ്പ് ലോഗോയ്ക്ക് വന്‍ സ്വീകാര്യത  

Update: 2019-09-05 18:21 GMT
Advertising

കായിക മേഖലയിലുള്‍പ്പെടെ ഖത്തര്‍ കൈവരിച്ച മഹത്തായ നേട്ടങ്ങളുടെ നേര്‍സാക്ഷ്യമാണ് ലോകകപ്പ് ലോഗോയ്ക്ക് ലഭിച്ച വന്‍ സ്വീകാര്യതയെന്ന് ഖത്തര്‍ കായിക വകുപ്പ് മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍ അലി. ആശയസമ്പുഷ്ടമായ രീതിയില്‍ ലോഗോ രൂപകല്‍പ്പന ചെയ്ത ഖത്തറിനെ എ.എഫ്.സി പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ അനുമോദിച്ചു.

അറേബ്യന്‍ സംസ്കാരവും പൈതൃകവും കായിക സംസ്കാരവുമായി സമന്വയിപ്പിച്ച് ഖത്തറുണ്ടാക്കിയ 2022 ലോകകപ്പ് ഫുട്ബോള്‍ ലോഗോയ്ക്ക് ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹമാണ്. ഖത്തറിന്‍റെ ഐഡന്‍റിറ്റിയെ ലോക സംസ്കാരവുമായി കൂട്ടിയോജിപ്പിക്കാന്‍ ലോഗോയിലൂടെ കഴിഞ്ഞത് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് ഖത്തര്‍ കായിക സാംസ്കാരിക വകുപ്പ് മന്ത്രി സലാഹ് ബി‍ന്‍ ഗാനിം അല്‍ അലി പറഞ്ഞു. അഖില മേഖലകളിലും ഖത്തര്‍ കൈവരിച്ച നേട്ടങ്ങളുടെ നേര്‍സാക്ഷ്യമാണ് ലോഗോയുടെ സ്വീകാര്യത തെളിയിക്കുന്നത്.

അറേബ്യന്‍ സംസ്കാരത്തിന്‍റെ ചൈതന്യമാണ് ലോഗോയിലുള്ള അറബിക് കാലിഗ്രഫിയില്‍ പ്രതിഫലിക്കുന്നത്. ലോഗോയെ നെഞ്ചേറ്റിയ ലോകമെങ്ങുമുള്ള കായിക പ്രേമികളോട് അദ്ദേഹം നന്ദി പറഞ്ഞു. കായിക മേഖലയില്‍ ഖത്തറിന്‍റെ കരുത്ത് തെളിയിക്കുന്നതാണ് ലോഗോയ്ക്ക് ലഭിക്കുന്ന അഭിനന്ദന പ്രവാഹങ്ങളെന്ന് കായിക മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ മേധാവി ഐഷ അല്‍ മഹ്മൂദ് പറഞ്ഞു.

ലോകകപ്പിന്‍റെ പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി ലോഗോ പുറത്തിറക്കിയതിന്‍റെ ഭാഗമായി സുപ്രീംകമ്മിറ്റി ആസ്ഥാനത്ത് ആഘോഷം സംഘടിപ്പിച്ചു. സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ഖത്തറിലെ വിവിധയിടങ്ങള്‍ ഉള്‍പ്പെടെ ഇരുപത്തിമൂന്നോളം രാജ്യങ്ങളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഒരേ സമയം പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഫിഫയും ഖത്തര്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസിയും ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി ലോകകപ്പിന്‍റെ ചിഹ്നം പ്രകാശനം ചെയ്തത്.

Tags:    

Similar News