കോവിഡ് വ്യാപനം: ഖത്തര്‍ അമീര്‍ പ്രഖ്യാപിച്ച ആശ്വാസ പാക്കേജുകള്‍ക്ക് പരക്കെ അഭിനന്ദനം

Update: 2020-03-16 20:33 GMT

ഖത്തറില്‍ കോവിഡ് വ്യാപനം കാരണം ദുരിതത്തിലായ ജനങ്ങള്‍ക്കായി ഖത്തര്‍ അമീര്‍ പ്രഖ്യാപിച്ച ആശ്വാസ പാക്കേജുകള്‍ക്ക് പരക്കെ അഭിനന്ദനം. ചെറുകിട ഇടത്തരം കച്ചവടക്കാര്‍, സാധാരണ പ്രവാസികള്‍ തുടങ്ങി എല്ലാവര്‍ക്കും സഹായമെത്തിക്കുന്ന തരത്തിലാണ് പുതിയ ഇളവുകള്‍. കൂടെ പ്രഖ്യാപിച്ച വിവിധ നിയന്ത്രണങ്ങള്‍ രാജ്യത്ത് നിലവില്‍ വന്നു. കോവിഡ് രോഗം പകരുന്നതിന്‍റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ ഖത്തറിലെ വാണിജ്യസ്ഥാപനങ്ങള്‍ക്ക് വലിയ ആശ്വാസം പകര്‍ന്നാണ് ഖത്തര്‍ അമീറിന്‍റെ പ്രഖ്യാപനം.

സ്വകാര്യബാങ്കുകള്‍ക്കടക്കം വായ്പാതിരിച്ചടവിന് ആറുമാസത്തെ കാലയളവ് നീട്ടി നല്‍കിയതാണ് പ്രധാനപ്പെട്ട തീരുമാനം. സ്വകാര്യമേഖലക്ക് 75 ബില്ല്യൻ ഖത്തരി റിയാലിന്റെ സാമ്പത്തിക സഹായം നൽകുമെന്നും അമീര്‍ പ്രഖ്യാപിച്ചു. ഖത്തർ ഡവലപ്മെൻറ് ബാങ്കില്‍ നിന്നും ലോണെടുത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആറുമാസത്തെ സമാശ്വാസം ലഭിക്കും. ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഗവൺമെൻറ് ഫണ്ടുകൾ 10 ബില്ല്യൻ റിയാൽ ആയി കൂട്ടണം. സെൻട്രൽ ബാങ്ക് രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകൾക്ക് കൂടുതൽ ലിക്വഡിറ്റി തുക നൽകണം. നികുതിയിളവാണ് മറ്റൊരു പ്രധാനപ്പെട്ട ആശ്വാസപാക്കേജ്. ഭക്ഷ്യവസ്തുക്കള്‍ മെഡിക്കൽ സാധനങ്ങള്‍ എന്നിവയെ ആറ് മാസത്തേക്ക് കസ്റ്റംസ് നികുതിയിൽ നിന്ന് ഒഴിവാക്കി. മാത്രമല്ല ഹോസ്പ്പിറ്റാലിറ്റി, ടൂറിസം, റീട്ടെയ്ൽ മേഖല, ചെറുകിട ഇടത്തരം വ്യവസായം, വാണിജ്യസ്ഥാപനങ്ങൾ, ലോജിസ്റ്റിക്സ് എന്നീ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ആറ് മാസത്തേക്ക് വൈദ്യുതി, വെള്ള ഫീസുകൾ ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു. ലോജിസ്റ്റിക് മേഖലയിലെ വാടകയും ആറുമാസത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്.

Full View

ഗർഭിണികൾ, 55 വയസിനുമുകളിൽ പ്രായമുള്ളവർ, തുടർച്ചയായ അസുഖമുള്ളവർ, പ്രമേഹബാധിതർ, ഹൃദ്രോഗികൾ, കിഡ്നി രോഗികൾ എന്നിവർ വീട്ടിലിരുന്നു തന്നെ ജോലി ചെയ്താല്‍ മതി. അമീറിന്‍റെ പ്രഖ്യാപനങ്ങളെ ഖത്തറിലെ ജനങ്ങള്‍ സന്തോഷത്തോടെയാണ് വരവേറ്റത്. ഇതോടൊപ്പം പ്രഖ്യാപിച്ച വിവിധ നിയന്ത്രണങ്ങളും ഇന്ന് മുതല്‍ നിലവില്‍ വന്നു.

Tags:    

Similar News