ഖത്തര്‍ കോവിഡ്: ഭക്ഷ്യവസ്തുക്കള്‍ സ്റ്റോക്ക് ചെയ്യുന്നതിനായി കരാറൊപ്പിട്ടു
പതിനാല് കമ്പനികളുമായാണ് കരാര്‍ ഒപ്പുവെച്ചത്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് വിപണിയില്‍ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഖത്തര്‍ വാണിജ്യവ്യവസായ മന്ത്രാലയം വിവിധ കമ്പനികളുമായി ഇറക്കുമതി കരാറില്‍ ഒപ്പുവെച്ചു.
ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന പതിനാല് അന്താരാഷ്ട്ര കമ്പനികളുമായാണ് കരാറിലെത്തിയത്.
നിലവിലുള്ള നിയന്ത്രണങ്ങള്‍ എത്രകാലം തുടരുന്നോ അത്രയും കാലത്തേക്കുള്ള ഭക്ഷ്യവസ്തുക്കളെല്ലാം വിപണിയില്‍ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നടപടി.
അരി, ഗോതമ്പ്, മാംസം, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതിക്കായാണ് കരാര്‍.
വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരി, നഗരസഭാ പരിസ്ഥിതി വകുപ്പ് മന്ത്രി അബ്ദുള്ളാ ബിന്‍ അബ്ദുല്‍ അസീസ്‍ ബിന്‍ തുര്‍ക്കി അല്‍ സുബേ എന്നിവരുടെ സാനിധ്യത്തിലായിരുന്നു കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങ്.
വിവിധ കമ്പനികളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.