കോവിഡ്; രാജ്യത്തുള്ളവര്‍ക്കെല്ലാം സൗജന്യ ചികിത്സയുമായി ഖത്തര്‍
കോവിഡ് ചികിത്സയ്ക്ക് ഹെല്‍ത്ത് കാര്‍ഡിന്‍റെയോ ഖത്തര്‍ ഐഡിയുടെയോ ആവശ്യമില്ല. രാജ്യത്തുള്ളവര്‍ക്കെല്ലാം ഏറ്റവും മികച്ച ചികിത്സ സൌജന്യമായി നല്‍കും.
ഖത്തറില്‍ ക്വാറന്‍റൈനിലോ ഐസൊലേഷനിലോ കഴിയുന്ന ഏതൊരു വിദേശ തൊഴിലാളിക്കും ശമ്പളം എല്ലാ ആനുകൂല്യങ്ങളോടെയും ലഭ്യമാക്കുമെന്ന് ഭരണകൂടം. വിസയോ ഖത്തരി ഐഡിയോ ഇല്ലാത്തവര്‍ക്കും സൌജന്യമായി മികച്ച ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. കോവിഡ് കാലത്ത് തൊഴിലാളികള്‍ക്കായുള്ള പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയം പുറത്തിറക്കി.
കോവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് നടപ്പിലാക്കിയ വിവിധ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്യത്തെ വിദേശി തൊഴിലാളികള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുള്ള മറുപടികളും ഭരണവികസന സാമൂഹ്യകാര്യമന്ത്രാലയം നല്‍കിയത്.
രോഗ ലക്ഷണങ്ങള്‍ കാണിക്കുന്ന തൊഴിലാളി എത്രയും പെട്ടെന്ന് മറ്റുള്ളവരില്‍ നിന്ന് അകന്ന് സ്വയം ഐസൊലേഷനിലാവണം. പെട്ടെന്ന് തന്നെ 16000 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യുക. ശേഷം 999 എന്ന നമ്പറില്‍ വിളിച്ച് ആംബുലന്‍സ് സേവനം ആവശ്യപ്പെടുക.
കോവിഡ് ചികിത്സയ്ക്ക് ഹെല്‍ത്ത് കാര്‍ഡിന്‍റെയോ ഖത്തര്‍ ഐഡിയുടെയോ ആവശ്യമില്ല. രാജ്യത്തുള്ളവര്‍ക്കെല്ലാം ഏറ്റവും മികച്ച ചികിത്സ സൌജന്യമായി നല്‍കും. കൂടെയുള്ള ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചെന്ന് സ്ഥിരീകരിക്കപ്പെട്ടാല്‍ പെട്ടെന്ന് തന്നെ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവര്‍ ഐസൊലേഷനിലായി ആശുപത്രിയിലെത്തണം. രോഗിയാണെന്ന് തെളിയുന്ന പക്ഷം മുഖൈനിസിലെ പ്രത്യേക ക്വാറന്‍റൈന്‍ സെന്‍ററില്‍ പ്രവേശിപ്പിക്കും.
രോഗികളായ തൊഴിലാളികള്‍ക്ക് ക്വാറന്‍റൈന്‍, ഐസൊലേഷന്‍ സൌകര്യങ്ങള്‍ നല്‍കേണ്ട ബാധ്യത ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക കോവിഡ് രോഗ ചികിത്സാവിഭാഗത്തിനാണ്. തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിന്‍റെ ഉടമയ്ക്കോ എംപ്ലോയര്‍ക്കോ ഇതിന് ബാധ്യതയില്ല.
കോവിഡ് രോഗത്തെ തുടര്‍ന്ന് ഐസൊലേഷനിലോ ക്വാറന്‍റൈനിലോ കഴിയുന്ന എല്ലാ തൊഴിലാളികള്‍ക്കും മുഴുവന്‍ ആനുകൂല്യങ്ങളോടും കൂടിയുള്ള അവരുടെ ശമ്പളം ലഭിക്കുന്നതാണ്. തൊഴിലുടമക്കോ തൊഴില്‍ സ്ഥാപനത്തിനോ ഈ പ്രത്യേക സാഹചര്യത്തില്‍ അവരുടെ തൊഴില്‍ കരാര്‍ ഉപേക്ഷിച്ച് തൊഴിലാളികളെ പിരിച്ച് വിടുന്നതിന് വിലക്കില്ല. പക്ഷെ ഖത്തരി നിയമം അനുശാസിക്കുന്ന നോട്ടീസ് പിരീഡ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കി മാത്രമേ പിരിച്ചുവിടല്‍ ആകാവൂ.
ഓരോരുത്തര്‍ക്കും മടക്കയാത്രക്കുള്ള ടിക്കറ്റും അതിനുള്ള സൌകര്യങ്ങളും ഒരുക്കിക്കൊടുക്കുകയും വേണം. ഇപ്പോള്‍ വരുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്കിടെ വിസയോ ഖത്തര്‍ ഐഡിയോ കാലാവധി തീരുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി വിസ പുതുക്കാം. മെട്രാഷ്2 ആപ്പ് വഴി ഖത്തര്‍ ഐഡിയും പുതുക്കാന്‍ കഴിയും.
ഇപ്പോഴത്തെ അവസ്ഥയില്‍ താമസകേന്ദ്രങ്ങളില്‍ എന്തെങ്കിലും പോരായ്മകളോ ബുദ്ധിമുട്ടുകളോ തൊഴിലാളി അനുഭവിക്കുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെന്‍റ് മന്ത്രാലയത്തെ വിവരമറിയിക്കണം. 16008 എന്ന ടോള്‍ ഫ്രീ നമ്പറിലാണ് വിളിക്കേണ്ടത്. ഖത്തര്‍ ഭരണവികസന തൊഴില്‍ സാമൂഹ്യക്ഷേമമന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.