ഖത്തറിലെ കോവിഡ് നിയന്ത്രണം: സംഘം ചേര്‍ന്നാല്‍ മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും ശിക്ഷ

കോവിഡ് പ്രതിസന്ധിയിലും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി സ്വകാര്യ മേഖലയ്ക്ക് ഖത്തര്‍ അമീര്‍ മൂന്ന് ബില്യണ്‍ റിയാല്‍ അനുവദിച്ചു.

Update: 2020-03-30 05:14 GMT

ഖത്തറില്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പൊതുഇടങ്ങളില്‍ സംഘം ചേരുന്നത് മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. കോവിഡ് പ്രതിസന്ധിയിലും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി സ്വകാര്യ മേഖലയ്ക്ക് ഖത്തര്‍ അമീര്‍ മൂന്ന് ബില്യണ്‍ റിയാല്‍ അനുവദിച്ചു.

കോവിഡ് വ്യാപനം തടയുന്നതിനായുള്ള നടപടികള്‍ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവിറക്കിയത്. കോര്‍ണീഷ്, കഫ്തീരിയകള്‍, തുടങ്ങിയവയ്ക്ക് മുന്നില്‍ കൂട്ടം കൂടി നില്‍ക്കുക, വീടിന്‍റെയോ താമസകേന്ദ്രത്തിന്‍റെ ടെറസിന് മുകളിലോ പള്ളികള്‍ക്ക് മുന്നിലോ സംഘം ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തല്‍ തുടങ്ങിയവ വിലക്കിക്കൊണ്ടുള്ള പോസ്റ്റര്‍ മന്ത്രാലയം പുറത്തിറക്കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാണെന്നും പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവു ശിക്ഷയോ രണ്ട് ലക്ഷം റിയാല്‍ പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരുമെന്നും പോസ്റ്ററില്‍ പറയുന്നു.

Advertising
Advertising

അതിനിടെ കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിലും ജീവനക്കാരുടെ ശമ്പളവും വാടകയും മുടങ്ങാതിരിക്കാന്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഖത്തര്‍ അമീര്‍ സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിച്ചു. മൂന്ന് ബില്യണ്‍ ഖത്തര്‍ റിയാലിന്‍റെ ഗാരന്‍റി ലോണ്‍ പാക്കേജാണ് ഖത്തര്‍ അമീര്‍ അനുവദിച്ചിരിക്കുന്നത്. ഖത്തര്‍ ഡെവലപ്മെന്‍റ് ബാങ്ക് വഴി രാജ്യത്തെ മുഴുവന്‍ സ്വകാര്യ ബാങ്കുകള്‍ക്കും ഈ ഗാരന്‍റി അനുവദിക്കും. ശമ്പളവും വാടകയും നല‍്കാന്‍ ബുദ്ധിമുട്ടുന്ന സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും സോഫ്റ്റ് ലോണായി ഈ തുക അനുവദിക്കും.

Tags:    

Similar News