‘ആശങ്ക വേണ്ട, ഒരു വര്‍ഷത്തേക്കുള്ള അവശ്യവസ്തുക്കള്‍ ഖത്തറില്‍ സ്റ്റോക്കുണ്ട്’
ഇറക്കുമതിയും സംഭരണവും കാര്യക്ഷമമായി പുരോഗമിക്കുന്നുണ്ടെന്നും വ്യവസായ മന്ത്രി
ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഭക്ഷ്യവസ്തുക്കള്‍ക്ക് യാതൊരു ക്ഷാമവും ഉണ്ടാവില്ലെന്ന് വ്യവസായ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരി പറഞ്ഞു. ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉപയോഗിക്കാനുള്ള അവശ്യവസ്തുക്കള്‍ രാജ്യത്ത് സ്റ്റോക്കുണ്ട്. ഭക്ഷ്യവസ്തുക്കളുടെതുള്‍പ്പെടെ ഇറക്കുമതിയും സംഭരണവും ഊര്‍ജ്ജിതമായി തുടരുന്നുമുണ്ട്. രാജ്യത്തെ സംഭരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
കടല്‍ വഴിയുള്ള ഇറക്കുമതി യാതൊരു മുടക്കവും കൂടാതെ തുടരുന്നത് ആശ്വാസകരമാണ്. ഭക്ഷ്യവസ്തുക്കളുള്‍പ്പെടെയുള്ള അത്യാവശ്യ സാധനങ്ങള്‍ ജനങ്ങള്‍ യാതൊരു വീഴ്ചചയും മുടക്കവും കൂടാതെ ലഭ്യമാക്കുന്നതില്‍ വാണിജ്യസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.
ഇപ്പോഴത്തെ സാഹചര്യം മുതലെടുത്ത് വ്യാപാരികള്‍ അമിത വില ഈടാക്കുകയോ പൂഴ്ത്തിവെക്കുകയോ ചെയ്താല്‍ കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി