കോവിഡ്; ഖത്തറിലെ റസ്റ്റോറന്‍റുകള്‍ ഹോം ഡെലിവറി മാത്രമേ നടത്താവൂവെന്ന് മന്ത്രാലയം
റസ്റ്റോറന്‍റുകളിലും കഫേകളിലും നേരിട്ടെത്തിയുള്ള പാര്‍സല്‍ സര്‍വീസ് നിരോധിച്ചു
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഖത്തറിലെ റസ്റ്റോറന്‍റുകള്‍ക്കും കഫേകള്‍ക്കും പുതിയ നിബന്ധനയേര്‍പ്പെടുത്തി. ഇത്തരം സ്ഥാപനങ്ങളില്‍ നേരിട്ടെത്തിയാല്‍ ഭക്ഷ്യവസ്തുക്കള്‍ പാര്‍സലായി നല്‍കുന്ന രീതി നിര്‍ത്താനും ആവശ്യക്കാര്‍ക്ക് വീടുകളിലെത്തിച്ചുകൊടുക്കാന്‍ മാത്രമേ അനുമതിയുള്ളൂവെന്നും റസ്റ്റോറന്‍റുകളോടും കഫേകളോടും വ്യവസായവാണിജ്യമന്ത്രാലയം നിര്‍ദേശിച്ചു.
ഇത്തരം സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പാര്‍സല്‍ വാങ്ങുന്നതിനായി ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പുതിയ നടപടി.
റസ്റ്റോറന്‍റുകളും കഫേകളും ഇനിമുതല്‍ കടകളുടെ ഡോറുകള്‍ അടച്ചിടണം. ഉപഭോക്താക്കളെ കടക്ക് അകത്തും പുറത്തും നില്‍ക്കാന്‍ അനുവദിക്കരുത്.
റസ്റ്റോറന്‍റുകളിലെയും കഫേകളിലെയും ജീവനക്കാര്‍ നിര‍്ബന്ധമായും കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു