കോവിഡ്: ഖത്തറില്‍ പള്ളികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ റമദാനിലും തുടരും
ഗ്രാന്‍ഡ് മോസ്കില്‍ മാത്രം ജുമുആയും തറാവീഹും, പ്രവേശനം ഇമാമുള്‍പ്പെടെ പള്ളി ജീവനക്കാര്‍ക്ക് മാത്രം
Update: 2020-04-22 19:09 GMT
ഖത്തറില്‍ കോവിഡ് കാലത്തെ റമദാന്‍ ആരാധനാകര്‍മ്മങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക നിയന്ത്രണങ്ങള്‍ മതകാര്യമന്ത്രാലയം പുറത്തുവിട്ടു. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഇനി പറയുന്നവയാണ്
- പള്ളികള്‍ ഇപ്പോഴുള്ളത് പോലെ റമദാനിലും അടഞ്ഞു കിടക്കും
- ബാങ്ക് വിളിക്ക് മാത്രം അനുമതി
- പള്ളി മുറ്റങ്ങളിലോ സമീപത്തോ ടെറസിന് മുകളിലോ സംഘം ചേര്‍ന്നുള്ള നമസ്കാരത്തിന് അനുമതിയില്ല
- ദോഹ ഗ്രാന്‍ഡ് മോസ്കായ ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് പള്ളിയില്‍ മാത്രം ജുമുആ, തറാവീഹ് നമസ്കാരങ്ങള്‍ നടക്കും
- ഇമാമുള്‍പ്പെടെ പള്ളിയിയിലെ ജീവനക്കാരായ നാല്‍പ്പത് പേര്‍ക്ക് മാത്രമാണ് ഇവിടെ ജുമുആയില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്, പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനമില്ല
- റമദാനില്‍ രാത്രി നടക്കുന്ന പ്രത്യേക നമസ്കാരമായ തറാവീഹും ഗ്രാന്‍ഡ് മോസ്കില്‍ പ്രത്യേക നിബന്ധനകളോടെ നടക്കും
- ഇമാമുള്‍പ്പെടെ നാല് പേര്‍ മാത്രമായിരിക്കും ഇവിടെ തറാവീഹില്‍ പങ്കെടുക്കുക
- കോവിഡ് സുരക്ഷാ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചായിരിക്കും ഈ നാലു പേര്‍ നമസ്കാരത്തില്‍ പങ്കെടുക്കുക
- ഈ തറാവീഹ് നമസ്കാരം ഔദ്യോഗിക ടെലിവിഷന്‍ ചാനലുകളിലൂടെയും റേഡിയോയിലൂടെയും ലൈവായി സംപ്രേക്ഷണം ചെയ്യും
- എന്നാല്‍ ലൈവ് സംപ്രേക്ഷണം പിന്തുടര്‍ന്ന് സംഘം ചേര്‍ന്ന് നമസ്കരിക്കാന്‍ പാടുള്ളതല്ല
- രോഗപ്പകര്‍ച്ച അവസാനിക്കുകയും നിയന്ത്രണങ്ങള്‍ എടുത്തുകളയുകയും ചെയ്യുന്ന മുറയ്ക്ക് പള്ളികള്‍ തുറക്കുമെന്നും ഔഖാഫ് മന്ത്രാലയം അറിയിച്ചു