ഖത്തറിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാങ്ക് അകൗണ്ട് ഉണ്ടാക്കണമെന്ന് മന്ത്രാലയം
ബാങ്ക് അക്കൌണ്ടിന്‍റെ ആവശ്യകത, ബാങ്കിങ് സേവനങ്ങള്‍ എന്നിവയെ കുറിച്ച് തൊഴിലാളികളെ ബോധവല്‍ക്കരിക്കാനും ഉത്തരവ്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ മുഴുവന്‍ മണി എക്സ്ചേഞ്ചുകളും അടച്ചതിന് പിന്നാലെ എല്ലാ വിഭാഗം ജനങ്ങളോടും നിര്‍ബന്ധമായും ബാങ്ക് അകൗണ്ടുകള്‍ ആരംഭിക്കാന്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഉത്തരവിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് വീട്ടുജോലിക്കാര്‍, ഹൌസ് ഡ്രൈവര്‍മാര്‍ തുടങ്ങിയ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ബാങ്ക് അകൗണ്ട് തയ്യാറാക്കാന്‍ തൊഴിലുടമകളോടും സ്പോണ്‍സര്‍മാരോടും തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയം ആവശ്യപ്പെട്ടത്.
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുതിയ ബാങ്ക് അകൗണ്ട് തുടങ്ങുമ്പോള്‍ മിനിമം തുക ഡെപ്പോസിറ്റായി നല്‍കേണ്ടതില്ലെന്നും സര്‍വീസ് ചാര്‍ജ്ജ് ഈടാക്കുകയില്ലെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു. ബാങ്ക് അകൗണ്ട് തുടങ്ങേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും ബാങ്കിങ് സേവനങ്ങളെ കുറിച്ചും ഗാര്‍ഹിക തൊഴിലാളികളെ ബോധവല്‍ക്കരിക്കാനും തൊഴിലുടമകള്‍ക്ക് നിര്‍ദേശം നല്‍കി.
തൊഴിലാളികളുടെ പണവും വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കാന്‍ ബാങ്കുകള്‍ പ്രതിജ്ഞാബദ്ധരാണെന്നും തൊഴില്‍ സാമൂഹ്യക്ഷേമമന്ത്രാലയം വ്യക്തമാക്കി.