ഖത്തര്‍ കോവിഡ്; ആരോഗ്യമേഘലയിലെ നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം
സ്വകാര്യ ആശുപത്രികളില്‍ അടിയന്തിരമല്ലാത്ത പരിശോധനകള്‍ നടക്കില്ല
ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ധുല്‍ അസീസ് അല്‍ത്താനിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫ്രന്‍സിങ് വഴി ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഇതനുസരിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് നിലവിലുള്ള വിവിധ നിയന്ത്രണങ്ങള്‍ പുതിയ ഉത്തരവുണ്ടാകുന്നത് വരെ തുടരും.
സ്വകാര്യ ആശുപത്രികളിലെ അടിയന്തിരമല്ലാത്ത സാധാരണ പരിശോധനകള്‍ പുതിയ ഉത്തരവ് വരുന്നത് വരെ ഉണ്ടാകില്ല. സ്വകാര്യ മേഖലയിലെ ദന്തരോഗ ക്ലിനിക്കുകള്‍, ഡെര്‍മറ്റോളജി, ലേസര്‍ ക്ലിനിക്കുകള്‍, പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കുകള്‍ എന്നിവിടങ്ങളിലെല്ലാം അടിയന്തിരഘട്ടത്തിലുള്ള രോഗികള്‍ക്കുള്ള പരിശോധനകള്‍ മാത്രമെ നടത്താവൂ.
ഡയറ്റ് ആന്‍റ് ന്യൂട്രീഷന്‍ സെന്‍റര്‍, ഫിസിയോ തെറാപ്പി ക്ലിനിക്കുകള്‍, കോംപ്ലിമെന്‍ററി മെഡിസിന്‍, ഹോം ഹെല്‍ത്ത് കെയര്‍ സര്‍വീസുകള്‍, ഭിന്നശേഷിയുള്ളവര്‍ക്കായുള്ള ഹെല്‍ത്ത് സെന്‍ററുകള്‍ തുടങ്ങിയവയെല്ലാം അടച്ചിടാനുള്ള ഉത്തരവും തുടരും.
അതെ സമയം കോവിഡ് അല്ലാത്ത എല്ലാ രോഗങ്ങള്‍ക്കും പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളിലും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലും വീഡിയോ, ടെലി കണ്‍സള്‍ട്ടേഷന്‍സ് വഴി ചികിത്സ തേടാം. ഓരോ രോഗത്തിനുമുള്ള മരുന്നുകള്‍ പോസ്റ്റല്‍ സര്‍വീസ് വഴി ഓരോരുത്തരുടെയും റൂമുകളിലെത്തിക്കാനും സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. ടോള്‍ ഫ്രീ നമ്പറായ 16000 വഴിയാണ് ഇതിനായി വിളിക്കേണ്ടത്