പ്രവാസികളുടെ മടക്കയാത്ര, ദോഹയില്‍ നിന്നും ആദ്യ വിമാനം കൊച്ചിയിലേക്ക്, കരിപ്പൂരിലേക്ക് നിലവില്‍ സര്‍വീസില്ല
ആദ്യയാഴ്ച്ച ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് ആകെ രണ്ട് സര്‍വീസുകള്‍, രണ്ടും കേരളത്തിലേക്ക്
കോവിഡ് അടിയന്തിര സാഹചര്യത്തില്‍ ഖത്തറില്‍ നിന്നും ഇന്ത്യന്‍ പ്രവാസികളെ തിരികെ നാട്ടിലെത്തിക്കാനുള്ള വിമാനസര്‍വീസുകളുടെ വിശദാംശങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു. വരുന്ന ഏഴാം തിയതി മുതലുള്ള ഒരാഴ്ച്ചക്കുള്ളില്‍ ആകെ രണ്ട് സര്‍വീസുകളാണ് ദോഹയില്‍ നിന്ന് കേരളത്തിലേക്കുണ്ടാവുക. ആദ്യ ദിനം തന്നെ ദോഹയില്‍ നിന്നും കൊച്ചിയിലേക്കാണ് ആദ്യ വിമാനം. ഇരുന്നൂറ് പേര്‍ക്കാണ് ഇതില്‍ യാത്ര ചെയ്യാനാവുക. രണ്ടാമത്തെ വിമാനം നാലാം ദിനത്തില്‍ ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക്. ഇതിലും 200 പേര്‍ക്ക് യാത്ര ചെയ്യാം.
ഖത്തറിലെ ഇന്ത്യന്‍ എംബസി വഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവരില്‍ നിന്നും മുന്‍ഗണനാടിസ്ഥാനത്തിലാണ് യാത്രക്കാരെ നിശ്ചയിക്കുക. രജിസ്റ്റര്‍ ചെയ്തവരെ ഫോണ്‍, ഇ മെയില്‍ വഴി വിവരമറിയിക്കും.
ഏഴാം തിയതി മുതല്‍ ഒരാഴ്ച്ചത്തേക്കുള്ള ആദ്യ ഘട്ട സര്‍വീസിനുള്ള ഷെഡ്യൂളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. തുടര്‍ന്നുള്ള സര്‍വീസുകളുടെ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.
അതെ സമയം ആദ്യ ആഴ്ച്ചയിലെ ഷെഡ്യൂളില്‍ ആകെ പ്രഖ്യാപിച്ച രണ്ട് സര്‍വീസുകളും കേരളത്തിലേക്കാണെന്നത് ശ്രദ്ധേയമാണ്. മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള സര്‍വീസുകള്‍ ആദ്യ ഘട്ടത്തിലില്ല.