ഖത്തറില്‍ പുതുതായി 1311 പേര്‍ക്ക് കൂടി കോവിഡ്
ഒറ്റ ദിനം സ്ഥിരീകരിക്കപ്പെടുന്ന ഏറ്റവും കൂടുതല്‍ രോഗികള്‍
Update: 2020-05-08 12:40 GMT
ഖത്തറില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. പുതുതായി 1311 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഒറ്റ ദിനം ആയിരത്തില്‍ കൂടുതല്‍ പുതിയ രോഗികള്‍ സ്ഥിരീകരിക്കപ്പെടുന്നത്. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 20,201 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതെ സമയം 84 പേര്‍ക്ക് കൂടി അസുഖം ഭേദമായി. ഇതോടെ ആകെ രോഗവിമുക്തി നേടിയവര്‍ 2370 ആയി.
രോഗലക്ഷണങ്ങളുള്ളവര്‍, നേരത്തെയുള്ള രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ തുടങ്ങി 3963 പേരില്‍ നടത്തിയ പരിശോധനയിലാണ് 1311 പേര്‍ പോസിറ്റീവാണെന്ന് തെളിഞ്ഞത്.
രാജ്യത്ത് രോഗത്തിന്‍റെ സാമൂഹ്യവ്യാപനത്തിന്‍റെ തോത് അളക്കുന്നതിന് വേണ്ടി ആരോഗ്യമന്ത്രാലയം പ്രത്യേക ഡ്രൈവ് ത്രൂ പരിശോധന തുടങ്ങിയിട്ടുണ്ട്.