ഗര്‍ഭിണികള്‍, റൂം ഒഴിവാക്കിയവര്‍... ദോഹ വിമാനം റദ്ദാക്കിയത് കാരണം ദുരിതത്തിലായത് നിരവധി പേര്‍
പൂര്‍ണ ഗര്‍ഭിണികള്‍, കുടുംബം പോകുന്നതോടെ റൂം ഒഴിവാക്കി എയര്‍പോര്‍ട്ടിലേക്കെത്തിയവര്‍, അസുഖ ബാധിതരായ വൃദ്ധര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ നിസഹായരായി നിന്ന നിമിഷങ്ങള്‍
മുന്നറിയപ്പില്ലാതെ ദോഹ - തിരുവനന്തപുരം വിമാന സര്‍വീസ് റദ്ദാക്കിയത് കാരണം ദുരിതത്തിലായത് നിരവധിപേരാണ്. പൂര്‍ണ ഗര്‍ഭിണികള്‍, കുടുംബം പോകുന്നതോടെ റൂം ഒഴിവാക്കി എയര്‍പോര്‍ട്ടിലേക്കെത്തിയവര്‍, അസുഖ ബാധിതരായ വൃദ്ധര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ നിസഹായരായി നിന്ന നിമിഷങ്ങള്‍. ഉത്തരവാദിത്തപ്പെട്ടവരാരും എയര്‍പോര്‍ട്ടില്‍ ഇല്ലാതിരുന്നത് യാത്രക്കാരെ പ്രകോപിതരാക്കി.
വിമാനം വൈകുന്നുവെന്നറിയുമ്പോഴും വലിയ പ്രശ്നങ്ങളുണ്ടാക്കാതെയാണ് യാത്രക്കാര്‍ വിമാനത്താവളത്തിലിരുന്നത്. വൈകിയാലും നാട്ടിലെത്താമല്ലോയെന്ന ആശ്വാസ ചിന്തകളായിരുന്നു എല്ലാവരിലും. അവരില്‍ പൂര്‍ണ ഗര്‍ഭിണികളായ പലര്‍ക്കും ഇരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അടിയന്തിര ഓപ്പറേഷന് വേണ്ടി നിര്‍ദേശിച്ചവരില്‍ പലരുടെയും കാലില്‍ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരന്നു.
ഓണ്‍ അറൈവല്‍ വിസയില്‍ കുടുംബത്തെ കൊണ്ടുവന്ന് കുടുങ്ങിപ്പോയവര്‍ പലരും മടക്കയാത്രക്ക് ടിക്കറ്റ് കിട്ടിയതോടെ ഉണ്ടായിരുന്ന റൂം ഒഴിവാക്കിയാണ് എയര്‍പോര്‍ട്ടിലെത്തിയിരുന്നത്.
നാട്ടിലെത്തുകയാണല്ലോയെന്ന് കരുതി നിത്യവും കഴിക്കുന്ന മരുന്ന് വാങ്ങാതിരുന്ന വൃദ്ധന്മാര്‍. അങ്ങനെ അടിയന്തിര പ്രാധാന്യത്തോടെ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ എംബസി തെരഞ്ഞെടുത്ത 183 പേര്‍ നിരാലംബരായി എയര്‍പോര്‍ട്ടിലിരുന്ന് പരസ്പരം നോക്കി. കാത്തുനിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായതോടെ റൂമും വീടുമുള്ളവര്‍ തിരിച്ചുപോകാന്‍ തുടങ്ങി. ഇല്ലാത്തവര്‍ ഇനിയെന്ത് ചെയ്യണമെന്നറിയാതെ പുറത്തിറങ്ങി നിന്നു. അപ്പോഴും പോകാന്‍ അനുമതി നല്‍കിയ അധികൃതരില്‍ നിന്ന് യാതൊരു മറുപടിയും അവര്‍ക്ക് ലഭിച്ചിരുന്നില്ല.