അനുമതിയായില്ല;ഖത്തറില്‍ നിന്നും കേരളത്തിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാനസര്‍വീസുകളും അനിശ്ചിതത്വത്തില്‍
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധം ശക്തം
ഖത്തറില്‍ നിന്നും വിവിധ സംഘടനകളും സ്ഥാപനങ്ങളും പ്രഖ്യാപിച്ചിരുന്ന ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ ഉടന്‍ ഉണ്ടായേക്കില്ല. അപേക്ഷിച്ചവരില്‍ ആര്‍ക്കും ഇതുവരെ ഇന്ത്യന്‍ എംബസി അനുമതി നല്‍കിയിട്ടില്ല. വന്ദേഭാരത് മിഷന്‍ അനുസരിച്ചുള്ള ടിക്കറ്റ് നിരക്കിന് മുകളില്‍ യാത്രാക്കൂലി ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതിനാലാണ് ആര്‍ക്കും അനുമതി നല്‍കാത്തതെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ പി കുമരന്‍ അറിയിച്ചതായി ഖത്തന്‍ ഇന്‍കാസ് പ്രസിഡന്‍റ് സമീര്‍ ഏറാമല മീഡിയവണിനോട് പറഞ്ഞു.
അതിനിടെ തങ്ങളുടെ ചാര്‍ട്ടര്‍ സര്‍വീസ് നീളുമെന്ന് കേരളാ ബിസിനസ് ഫോറം അംഗങ്ങളെ അറിയിച്ചിട്ടുണ്ട്. വന്ദേഭാരത് മിഷന്‍ വഴിയുള്ള ടിക്കറ്റ് ചാര്‍ജ്ജിന് യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ചാര്‍ട്ടര്‍ പാര്‍ട്ണറായ ട്രാവല്‍ ഏജന്‍സി അറിയിച്ചതിനെ തുടര്‍ന്നാണ് ഈ പ്രതിസന്ധിയെന്ന് കെബിഎഫ് അംഗങ്ങളെ അറിയിച്ചിട്ടുണ്ട്. വിവിധ മാധ്യമങ്ങള്‍ വഴി പ്രചാരണവും യാത്രക്കാര്‍ക്കുള്ള രജിസ്ട്രേഷനും ആരംഭിച്ചതിന് ശേഷമാണ് കെബിഎഫിന്‍റെ ചുവട് മാറ്റം.
ഖത്തര്‍ കെഎംസിസി, കള്‍ച്ചറല്‍ ഫോറം, ചാലിയാര്‍ ദോഹ തുടങ്ങി സംഘടനകളും ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ക്കായി രജിസ്ട്രേഷന്‍ തുടങ്ങിയിരുന്നു.
വിവിധ കാരണങ്ങള്‍ പറഞ്ഞ് ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ക്ക് മുടക്കം നില്‍ക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് പ്രവാസ ലോകത്ത് നിന്നുയരുന്നത്. കാലാകാലങ്ങളിലായി വിമാനക്കമ്പനികള്‍ തോന്നിയ പോലെ ചാര്‍ജ്ജ് വര്‍ധിപ്പിച്ച് പ്രവാസികളെ പിഴിഞ്ഞ ഘട്ടത്തിലൊന്നും തിരിഞ്ഞുനോക്കാത്ത സര്‍ക്കാരുകള്‍ ഈ സന്ദിഗ്ധ ഘട്ടത്തില്‍ സ്വീകരിക്കുന്ന നിലപാട് കാപട്യമാണെന്ന് വിവിധ സംഘടനാ നേതാക്കള്‍ പറഞ്ഞു.