കോവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു
കണ്ണൂര്‍ കണ്ണാടിപ്പറമ്പ് കാരയാപ്പ് സ്വദേശി സിദ്ദീഖ് ആണ് മരിച്ചത്
കോവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിഞ്ഞിരുന്ന മറ്റൊരു മലയാളി കൂടി ഖത്തറില്‍ മരിച്ചു. കണ്ണൂര്‍ കണ്ണാടിപ്പറമ്പ് കാരയാപ്പ് സ്വദേശി സിദ്ദിഖ് (48)ആണ് മരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പെ അദ്ദേഹത്തെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നേരത്തെ തന്നെയുണ്ടായിരുന്ന ജീവിതശൈലീരോഗങ്ങള്‍ കൂടി ഗുരുതരമായതോടെ ആരോഗ്യനില വഷളാവുകയും വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 1.30ഓടെ മരണം സംഭവിച്ചതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ക്രയാറ്റിന്‍ അളവും, ഷുഗര്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയവ കൂടിയതുമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
പതിനാറ് വര്‍ഷത്തോളായി ഖത്തറില്‍ ലിമോസിന്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു സിദ്ദിഖ്. ഭാര്യയും മൂന്ന് മക്കളുമുണ്ട്. രണ്ട് സഹോദരന്മാര്‍ ഖത്തറില്‍ തന്നെ പ്രവാസികളാണ്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ഖത്തറില്‍ തന്നെ ഖബറടക്കും.