ഖത്തറിലേക്കുള്ള വിമാനവിലക്ക് നീക്കുന്നത് ഘട്ടംഘട്ടമായി; ഇന്ത്യക്കാരുടെ തിരിച്ചുവരവ് നീളും
കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളിലുള്ളവര്‍ക്ക് ഓഗസ്റ്റോടെ തിരിച്ചുവരാന്‍ അനുമതി
കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ക്കേര്‍പ്പെടുത്തിയ പ്രവേശനവിലക്ക് ഘട്ടംഘട്ടമായി നീക്കുമെന്ന് ഖത്തര്‍. ഓഗസ്റ്റ് മാസത്തോടെ കോവിഡ് വ്യാപനം ഏറ്റവും കുറവുള്ള രാജ്യങ്ങളില്‍ കഴിയുന്ന ഖത്തരി വിസയുള്ളവര്‍ക്ക് മടങ്ങിവരവിന് അനുമതി നല്‍കും. സെപ്തംബര്‍ മാസത്തോടെ ആരോഗ്യമന്ത്രാലയത്തിന്‍റെ അനുമതിക്കും നിര്‍ദേശങ്ങള്‍ക്കുമനുസരിച്ച് കൂടുതല്‍ വിമാനസര്‍വീസുകള്‍ക്ക് അനുമതി നല്‍കും.
അതെ സമയം നാട്ടില്‍ കഴിയുന്ന ഖത്തരി വിസയുള്ള ഇന്ത്യന്‍ പ്രവാസികളുടെ തിരിച്ചുവരവ് നീളാനാണ് സാധ്യത. നിലവില്‍ ഓഗസ്റ്റ് വരെ യാതൊരു കാരണവശാലും മടങ്ങിവരവ് സാധ്യമല്ല. രോഗവ്യാപനം ഗണ്യമായി കുറയുന്ന പക്ഷം മാത്രം ഓഗസ്റ്റില്‍ വിമാനങ്ങള്‍ അനുവദിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ നിലവില്‍ കോവിഡ് വ്യാപനം ഉച്ചസ്ഥായിയിലുള്ള ഇന്ത്യയില്‍ ഓഗസ്റ്റ് മാസത്തോടെ കോവിഡ് നിയന്ത്രണവിധേയമാകുമോയെന്ന് കണ്ടറിയണം.