കോവിഡ്: രണ്ട് മലയാളികള്‍ കൂടി ഖത്തറില്‍ മരിച്ചു
കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് മലയാളികള്‍ കൂടി ഖത്തറില്‍ മരിച്ചു. കേച്ചേരി, കൊയിലാണ്ടി സ്വദേശികളാണ് മരിച്ചത്.
ഖത്തറില്‍ കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് മലയാളികളുടെ മരണം കൂടി സ്ഥിരീകരിച്ചു. തൃശൂര്‍ കേച്ചേരി സ്വദേശി വലിയകത്ത് കുഞ്ഞുമുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ (68) ആണ് മരിച്ച ഒരാള്‍. ദോഹയിലെ അറിയപ്പെടുന്ന കലാകാരനും കൂടിയായിരുന്ന ഇദ്ദേഹം ആര്‍ട്ടിസ്റ്റ് ജബ്ബാര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് രണ്ടാഴ്ച്ച മുമ്പാണ് ഇദ്ദേഹത്തെ ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും കൂടി ബാധിച്ചതോടെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയുമായിരുന്നു. 35 വര്‍ഷമായി ഖത്തറില്‍ മുനിസിപ്പാലിറ്റി വിഭാഗത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ സാജിദ നേരത്തെ ഖത്തറില്‍ ഹമദ് ആശുപത്രിയില്‍ ജീവനക്കാരിയായിരുന്നു. മക്കള്‍: റീജ, ഷീജ, അജ്നാസ്, അജ്മല്‍, ഹനാന്‍. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം മൃതദേഹം ഖത്തറില്‍ ഖബറടക്കും.
കൊയിലാണ്ടി സ്വദേശി സഫ മന്‍സില്‍ രഹ്ന ഹാഷിം (53) ആണ് ഖത്തറില്‍ മരിച്ച മറ്റൊരു മലയാളി. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹമദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുടുംബത്തോടൊപ്പം ദീര്‍ഘകാലം ഖത്തറിലുണ്ടായിരുന്ന ഇവര്‍ പിന്നീട് നാട്ടിലേക്ക് മാറിയിരുന്നു. രണ്ട് മാസം മുമ്പ് വിസ പുതുക്കാനായി ഖത്തറിലെത്തിയതായിരുന്നു. ഭര്‍ത്താവ് ഹാഷിം അലി. മക്കള്‍ റംഷി, റിന്‍സ. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മൃതദേഹം ഇവിടെ തന്നെ ഖബറടക്കും.