ഖത്തറില്‍ നേരിയ വര്‍ധനവുകളോടെ പുതിയ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു
പെട്രോളിന് പത്ത് ദിര്‍ഹവും ഡീസലിന് 15 ദിര്‍ഹവുമാണ് കൂടുന്നത്
ഖത്തറില്‍ നേരിയ വര്‍ധനവുകളോടെ പുതിയ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിന് പത്ത് ദിര്‍ഹവും ഡീസലിന് 15 ദിര്‍ഹവുമാണ് കൂടുന്നത്. ജൂലൈ മാസത്തെ അപേക്ഷിച്ച് നേരിയ വര്‍ധനവുകള്‍ വരുത്തിയാണ് ഓഗസ്റ്റ് മാസത്തെ ഇന്ധന വില ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് പ്രീമിയം ഗ്രേഡ് പെട്രോളിന് പത്ത് ദിര്‍ഹമും സൂപ്പര്‍ പെട്രോളിന് അഞ്ച് ദിര്‍ഹവും ഡീസലിന് 15 ദിര്‍ഹവും കൂടും.
ജൂലൈയില്‍ ഒരു റിയാല്‍ പത്ത് ദിര്‍ഹമായിരുന്ന പ്രീമിയം പെട്രോളിന് ഒരു റിയാല്‍ 20 ദിര്‍ഹമാണ് പുതിയ നിരക്ക്. ഒരു റിയാല്‍ 20 ദിര്‍ഹമായിരുന്ന സൂപ്പര്‍ പെട്രോളിന്‍റെ പുതിയ നിരക്ക് ഒരു റിയാല്‍ 25 ദിര്‍ഹമാണ്. ഒരു റിയാല്‍ പത്ത് ദിര്‍ഹമുണ്ടായിരുന്ന ഡീസലിന് ഓഗസ്റ്റ് മാസം ഒരു റിയാല്‍ 25 ദിര്‍ഹമാണ് നിരക്ക്. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്ക് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ നിരക്കുകളാണിത്. കോവിഡ് വ്യാപനം ഉച്ചസ്ഥായിയിലെത്തിയ കഴിഞ്ഞ ജൂണ്‍ മാസം ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇന്ധനവിലയുണ്ടായിരുന്നത്.