ഇന്ത്യയുള്‍പ്പടെ 31 രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് വരുന്നതിലെ വിലക്ക് നീക്കിയേക്കും

സർക്കാർ നിശ്ചയിക്കുന്ന ഹോട്ടലുകളിൽ സ്വന്തം ചെലവിൽ രണ്ടാഴ്ച ക്വാറൻറീൻ കഴിയേണ്ടിവരുമെന്ന നിബന്ധനയോടെ വിലക്ക് നീക്കാനാണ് ആലോചന

Update: 2020-08-16 17:58 GMT

ഇന്ത്യയുൾപ്പെടെ 31 രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് വരുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നിബന്ധനകളോടെ പിൻവലിക്കാൻ സാധ്യത. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സ്വന്തം ചിലവിൽ രണ്ടാഴ്ച ഹോട്ടൽ ക്വാറൻറീനിൽ കഴിയേണ്ടിവരുമെന്ന നിബന്ധനയോടെയാകും കോവിഡ് റിസ്ക് കൂടിയ രാജ്യങ്ങളിൽ നിന്നുവരുന്നവർക്കു പ്രവേശനം അനുവദിക്കുക .

കുവൈത്തിൽ വാണിജ്യ വിമാനസർവീസ് പുനരാരംഭിച്ചെങ്കിലും കോവിഡ് റിസ്ക് കൂടിയ 31 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കു കുവൈത്തിൽ പ്രവേശനവിലക്കുണ്ട് . ലോകാരോഗ്യസംഘടനയുടെ കോവിഡ് അവലോകനറിപ്പോർട്ട് അടിസ്ഥാനമാക്കി ഓരോ പത്തു ദിവസം കൂടുന്തോറും ഈ രാജ്യങ്ങളുടെ പട്ടിക പുനഃക്രമീകരിക്കുമെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വ്യോമയാന വകുപ്പും ആരോഗ്യ മന്ത്രാലയവും തമ്മിലുള്ള ഏകോപനത്തിലൂടെ പ്രവേശന വിലക്ക് ഒഴിവാക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നതായാണ് സൂചന .

സർക്കാർ നിശ്ചയിക്കുന്ന ഹോട്ടലുകളിൽ സ്വന്തം ചെലവിൽ രണ്ടാഴ്ച ക്വാറൻറീൻ കഴിയേണ്ടിവരുമെന്ന നിബന്ധനയോടെ വിലക്ക് നീക്കാനാണ് ആലോചന. അടുത്ത മാസം തുടക്കം മുതൽ ഘട്ടംഘട്ടമായി ഇളവ് നൽകാനാണ് നീക്കം. അധ്യാപകർ ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്ക് മുൻഗണനയുണ്ടാവും. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നേരിട്ട് വരുന്നവർക്കാണ് ഇപ്പോൾ വിലക്ക് ഉള്ളത് .

Tags:    

Similar News