ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള ആദ്യ മടക്കയാത്രാവിമാനം നാളെ
ഇന്ത്യന്‍ സമയം രാവിലെ 6.20ന് കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന വിമാനം ഖത്തരി സമയം രാവിലെ 9.50 ഓടെ ദോഹയിലെത്തും
ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള ആദ്യ മടക്കയാത്രാവിമാനം നാളെ കൊച്ചിയില്‍ നിന്നും ദോഹയിലെത്തും. വന്ദേഭാരത് സര്‍വീസിനുള്ള വിമാനത്തില്‍ പ്രത്യേക റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ച ഖത്തരി വിസയുള്ളവരാണ് യാത്ര ചെയ്യുന്നത്. ഖത്തര്‍ എയര്‍വേയ്സ് വിമാനം മറ്റന്നാളും കൊച്ചിയില്‍ നിന്ന് ദോഹയിലേക്ക് സര്‍വീസ് നടത്തും.
ഇന്ത്യ ഖത്തര്‍ എയര്‍ബബിള്‍ ധാരണ വന്നതിന് പിന്നാലെയാണ് വിവിധ എയര്‍ലൈന്‍ കമ്പനികള്‍ കേരളത്തില്‍ നിന്നും പ്രത്യേക നിബന്ധനകളോടെ ഖത്തരി വിസയുള്ളവരെ തിരിച്ചുകൊണ്ടുവരുന്നത്. നിലവില്‍ വന്ദേഭാരത് സര്‍വീസുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന എയര്‍ ഇന്ത്യ ഇന്‍ഡിഗോ എന്നി കമ്പനികളും ഖത്തര്‍ എയര്‍വേയ്സിന്‍റെ ചാര്‍ട്ടേര്‍ഡ് സര്‍വീസുകളുമാണ് ഇതിനായി ബുക്കിങ് തുടങ്ങിയിരിക്കുന്നത്. ഇതില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെതാണ് ആദ്യ സര്‍വീസ്.
ഇന്ത്യന്‍ സമയം രാവിലെ 6.20ന് കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന വിമാനം ഖത്തരി സമയം രാവിലെ 9.50 ഓടെ ദോഹയിലെത്തും. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രത്യേക റീ എന്‍ട്രി പെര്‍മിറ്റ്, അംഗീകൃത കോവിഡ് ലാബുകളില്‍ നിന്നെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഹോട്ടല്‍ ക്വാറന്‍റൈനിന് വേണ്ടി ബുക്ക് ചെയ്ത ഹോട്ടല്‍ ബുക്കിങ് സ്ലിപ്പ് തുടങ്ങിയവയാണ് യാത്രക്കായി വേണ്ടത്. 14964 രൂപയാണ് കൊച്ചിയില്‍ നിന്നും ദോഹയിലേക്ക് ഇന്‍ഡിഗോ ഈടാക്കുന്ന ടിക്കറ്റ് നിരക്ക്. തുടര്‍ന്ന് മറ്റന്നാള്‍ ഖത്തര്‍ എയര്‍വേയ്സിന്‍റെ മൂന്ന് ചാര്‍ട്ടേര്‍ഡ് സര്‍വീസുകളും കേരളത്തില്‍ നിന്ന് ദോഹയിലെത്തും. രണ്ട് സര്‍വീസുകള്‍ കൊച്ചിയില്‍ നിന്നും ഒരെണ്ണം കോഴിക്കോട്ട് നിന്നുമാണ്.
തുടര്‍ന്നുള്ള ദിവസങ്ങളിലേക്കും ഖത്തര്‍ എയര്‍വേയ്സ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ ആദ്യ സര്‍വീസ് ഇരുപതിന് കൊച്ചിയില്‍ നിന്നാണ്. 27, 30 തിയതികളിലാണ് പിന്നീട് കൊച്ചിയില്‍ നിന്നും ദോഹയിലേക്കുള്ള എയര്‍ഇന്ത്യ സര്‍വീസുകള്‍. കോഴിക്കോട്ട് നിന്നും 21, 29 തിയതികളിലും കണ്ണൂരില്‍ നിന്ന് 26നും എയര്‍ഇന്ത്യ സര്‍വീസുകളുണ്ട്.
ഇന്‍ഡിഗോ 21, 23, 25, 28 തിയതികളില്‍ കൊച്ചിയില്‍ നിന്നും കോഴിക്കോട്ട് നിന്ന് 19, 24, 25, 27, 31 തിയതികളിലും കണ്ണൂരില്‍ നിന്ന് 19, 22, 26, 29 തിയതികളിലും ദോഹയിലേക്ക് സര്‍വീസ് നടത്തും. റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ചതിന് ശേഷം മാത്രമാണ് ക്വാറന്‍റൈനായുള്ള ഹോട്ടല്‍ ബുക്കിങ് നടത്തേണ്ടത്