സാധാരണക്കാരായ പ്രവസികള്‍ക്ക് എയര്‍ ബബിള്‍ കരാര്‍ തിരിച്ചടി

എയര്‍ബബിള്‍ കരാറനുസരിച്ചുള്ള സര്‍വീസുകള്‍ക്ക് നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റ് ഉപയോഗിക്കാന്‍ കഴിയില്ലെന്നും പ്രത്യേകമായിത്തന്നെ ടിക്കറ്റെടുക്കണമെന്നുമാണ് ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികളുടെ നിലപാട്.

Update: 2020-08-27 20:26 GMT

എയര്‍ബബിള്‍ കരാറനുസരിച്ച് ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള സര്‍വീസുകളില്‍ പ്രത്യേകമായി തന്നെ ടിക്കറ്റ് എടുക്കണമെന്ന നിബന്ധന നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു. ഇങ്ങനെ ബുക്കിങ് നടത്തിയവര്‍ക്ക് പണം തിരികെ നല്‍കില്ലെന്നും പകരം ഒരു വര്‍ഷത്തനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും യാത്ര ചെയ്യാമെന്നുമുള്ള വിമാനക്കമ്പനികളുടെ നിലപാട് സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇരുട്ടടിയാണ്.

മടക്കയാത്രക്കുള്ള ടിക്കറ്റും കൂടി ബുക്ക് ചെയ്താണ് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് മുമ്പെ പ്രവാസികളില്‍ കൂടുതല്‍ പേരും അവധിക്കായി നാട്ടിലേക്ക് പോയത്. നിയന്ത്രണങ്ങളുടെ ഭാഗമായി പിന്നീട് വിമാനവിലക്ക് നിലവില്‍ വരികയും ഉദ്ദേശിച്ച സമയത്ത് മടക്കയാത്ര സാധ്യമാകാതെ വരികയും ചെയ്തു. ഈ സാഹചര്യത്തില്‍ വിമാനക്കമ്പനികളെ സമീപിച്ചവര്‍ക്ക് ലഭിച്ച മറുപടി ബുക്ക് ചെയ്ത ടിക്കറ്റിന്‍റെ പണം തിരികെ നല്‍കില്ലെന്നും പകരം ആ ടിക്കറ്റുപയോഗിച്ച് ഒരു വര്‍ഷത്തിനകം എപ്പോഴും നിങ്ങള്‍ക്ക് യാത്ര ചെയ്യാമെന്നുമായിരുന്നു.

Advertising
Advertising

വലിയ മുറവിളികള്‍ക്കൊടുക്കം ഖത്തറിലേക്കുള്‍പ്പെടെ വിസയുള്ളവര്‍ക്ക് മടങ്ങാനായി ഇന്ത്യ എയര്‍ബബിള്‍ കരാറുണ്ടാക്കി. എന്നാല്‍ എയര്‍ബബിള്‍ കരാറനുസരിച്ചുള്ള സര്‍വീസുകള്‍ക്ക് നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റ് ഉപയോഗിക്കാന്‍ കഴിയില്ലെന്നും പ്രത്യേകമായിത്തന്നെ ടിക്കറ്റെടുക്കണമെന്നുമാണ് ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികളുടെ നിലപാട്. ഈ സാഹചര്യത്തില്‍ പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്കാണ് നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റിന്‍രെ തുക നഷ്ടമാകുന്നത്.

Full View

വന്ദേഭാരത് സര്‍വീസുകള്‍ക്കും നേരത്തെയുള്ള ബുക്കിങ് സ്വീകരിക്കില്ലെന്ന നിബന്ധനയോടെ ഏകദേശം 200 കോടി രൂപയാണ് ഇന്ത്യന്‍ പ്രവാസികള്‍ക്ക് നഷ്ടപ്പെടുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ പണം തിരികെ നല്‍കാനായി വിമാനക്കമ്പനികളോട് ആവശ്യപ്പെടുമെന്ന് ഇന്ത്യന്‍ വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. കോവിഡ് കൂടി വന്നതോടെ വലിയ പ്രതിസന്ധിയിലായ സാധാരണക്കാരായ പ്രവാസികള്‍ക്ക് വലിയ നിരാശ നല്‍കുന്നതാണ് ഇപ്പോഴത്തെ സാഹചര്യം. അതിനാല്‍ തന്നെ വിമാനക്കമ്പനികളില്‍ നിന്നും ഈ പണം റീഫണ്ട് ചെയ്യിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങളുണ്ടാകണമെന്നാണ് പ്രവാസി സംഘടനകളുടെയും സാമൂഹ്യപ്രവര‍്ത്തകരുടെയും ആവശ്യം

Tags:    

Similar News